റാഞ്ചി : ജനുവരി 22ന് നടക്കുന്ന രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ ചടങ്ങിലേക്ക് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയെ ഔദ്യോഗികമായി ക്ഷണിച്ച് രാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ്. റാഞ്ചിയിലെ ധോണിയുടെ വസതിയിൽ എത്തിയാണ് അക്ഷതവും ക്ഷണപത്രികയും അടക്കം നൽകിയത്. രാമ ക്ഷേത്രത്തിലേക്ക് ക്ഷണം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് മഹേന്ദ്ര സിംഗ് ധോണി വ്യക്തമാക്കി.
തിങ്കളാഴ്ച രാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളും ജാർഖണ്ഡിലെ ബിജെപി നേതാവ് കർമ്മവീർ സിംഗും ചേർന്നാണ് മഹേന്ദ്ര സിംഗ് ധോണിയെ അദ്ദേഹത്തിന്റെ വസതിയിൽ എത്തി സന്ദർശിച്ച് ക്ഷണപത്രിക്ക് കൈമാറിയത്. നേരത്തെ സച്ചിൻ ടെണ്ടുൽക്കർക്കും ക്ഷണപത്രികയും അക്ഷതവും കൈമാറിയിരുന്നു. ഇരുവരും ജനുവരി 22ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കും എന്നാണ് സൂചന.
പ്രാണപ്രതിഷ്ഠ ചടങ്ങിനുള്ള ക്ഷണിക്കൽ നടപടികൾ അവസാന ഘട്ടത്തിൽ ആണെന്ന് രാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് വ്യക്തമാക്കി. കലാകാരന്മാർ, ശാസ്ത്രജ്ഞർ, കായികതാരങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരെ ചടങ്ങിലേക്ക് പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്.
Discussion about this post