കൊച്ചി: രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സംസ്ഥാനത്തെത്തും. 16 ന് വൈകിട്ട് 5 മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്ടർ മാർഗം കൊച്ചിയിൽ ദക്ഷിണ നാവികാസ്ഥാനത്ത് എത്തും. തുടർന്ന് കെ പി സി സി ജംങ്ഷനിലെത്തി റോഡ് ഷോയിൽ പങ്കെടുക്കും. രാത്രി 7 നും എട്ടിനും ഇടയ്ക്കാണ് റോഡ് ഷോ ക്രമീകരിച്ചിരിക്കുന്നത്. കെ പി സി സി ജംഷ്ഷനിൽ നിന്ന് തുടങ്ങി ഹോസ്പിറ്റൽ ജംങ്ഷനിലെത്തി ഗസ്റ്റ് ഹൗസിൽ എത്തും വിധമാണ് ഒരു കിലോമീറ്റർ റോഡ് ഷോ ക്രമീകരിച്ചിരിക്കുന്നത്.
എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ താമസിക്കുന്ന അദ്ദേഹം പിറ്റേന്ന് രാവിലെ 6.30 ന് ഗുരുവായൂർക്ക് തിരിക്കും. സിനിമാ താരവും ബിജെപി നേതാവും മുൻ എംപിയുമായ സുരേഷ് ഗോപിയുടെ മകളുടേതുൾപ്പടെ 4 വിവാഹച്ചടങ്ങുകളിൽ അദ്ദേഹം പങ്കെടുക്കും. അവിടെ നിന്നും തൃപ്രയാർ ക്ഷേത്ര സന്ദർശനത്തിനു ശേഷം കൊച്ചിയിലേക്ക് മടങ്ങും.
വില്ലിംഗ്ടൺ ഐലന്റിൽ കൊച്ചിൻ ഷിപ്പ് യാർഡിന്റെ അന്താരാഷ്ട്ര കപ്പൽ റിപ്പയറിംഗ് കേന്ദ്രം, പുതിയ ഡ്രൈ ഡോക്ക് എന്നിവ പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിക്കും. തുടർന്ന് മറൈൻ ഡ്രൈവിൽ ബി ജെ പി ശക്തികേന്ദ്ര ഇൻ ചാർജുമാരുടെ യോഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. പ്രധാനമന്ത്രി എത്തുന്നതോടെ കൊച്ചിയിലും തൃശൂരിലും ഗതാഗത ക്രമീകരണങ്ങളുണ്ടാകും. ഒപ്പം തന്നെകനത്ത സുരക്ഷയാണ് ഇവിടങ്ങളിൽ ഒരുക്കിയിരിക്കുന്നത്.
Discussion about this post