കൊട്ടാരക്കര: സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം കാൻസർ ബാധിതയായ ഭാര്യയുടെ ചികിത്സയ്ക്കായി നൽകണമെന്ന് നവകേരള സദസ്സിൽ അപേക്ഷ. എന്നാൽ പണമില്ലെന്ന് പറഞ്ഞ് സർക്കാർ ഈ അപേക്ഷയോട് മുഖം തിരിച്ചു.
താമരക്കുടി തേക്കുവിള വീട്ടിൽ സി.വിജയനാഥൻ പിള്ളയ്ക്കാണു തുക നിലവിൽ നൽകാനാവില്ലെന്ന മറുപടി സർക്കാരിൽ നിന്നും ലഭിച്ചത്. 13 കോടി രൂപയുടെ തട്ടിപ്പുനടന്ന താമരക്കുടി സർവീസ് സഹകരണബാങ്കിൽ നാല് ലക്ഷം രൂപയാണ് അദ്ദേഹം നിക്ഷേപിച്ചത്. ഇതു തിരികെ കിട്ടാൻ 2010 മുതൽ അപേക്ഷകൾ നൽകിയിട്ടും ഫലമുണ്ടായില്ല. ഭാര്യയ്ക്കു കാൻസർ ബാധിച്ചതോടെ സാമ്പത്തികനില പരുങ്ങലിലായി.
തിനിടെയാണു കൊട്ടാരക്കരയിൽ കഴിഞ്ഞ മാസം നടന്ന നവ കേരള സദസ്സിൽ വിജയനാഥൻ പിള്ള പരാതി നൽകിയത്. ഇതിനുള്ള മറുപടിക്കത്തിലാണു ബാങ്കിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയിൽ പണം നൽകാൻ കഴിയാത്ത സാഹചര്യമാണെന്നു കൊട്ടാരക്കര അസിസ്റ്റന്റ് റജിസ്ട്രാർ (ജനറൽ) അറിയിച്ചത്. ബാങ്ക് തകർച്ചയിലാണെന്നും നിക്ഷേപങ്ങൾ നഷ്ടപ്പെട്ടെന്നും ദൈനംദിന ചെലവുകൾ പോലും നടത്താൻ കഴിയാത്ത സാഹചര്യമാണെന്നും പറയുന്നു. മൂവായിരത്തോളം പേർക്കാണു ബാങ്ക് പണം നൽകാനുള്ളത്.
Discussion about this post