ലക്‌നൗ: രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠയ്ക്കായുളള അവസാനഘട്ട ഒരുക്കങ്ങളിലാണ് അയോദ്ധ്യ. രാമക്ഷേത്രത്തിനുളളിലെ എല്ലാ വാതിലുകളും സ്ഥാപിച്ചുകഴിഞ്ഞു. ഗർഭ ഗൃഹത്തിലേക്കുളള വാതിലാണ് ഒടുവിൽ സ്ഥാപിച്ചത്. മനോഹരമായി കൊത്തുപണികൾ ചെയ്താണ് വാതിൽ തയ്യാറാക്കിയിരിക്കുന്നത്.
ഇത്തരം ജോലികളിൽ വർഷങ്ങളുടെ പാരമ്പര്യമുളള അനുരാധ ടിംബർ ഇന്റർനാഷണൽ എന്ന സ്ഥാപനമാണ് വാതിലുകൾ നിർമിച്ചത്. ഗർഭഗൃഹ വാതിൽ കൂടി സ്ഥാപിച്ചതോടെ ക്ഷേത്രത്തിലെ എല്ലാ വാതിലുകളും സ്ഥാപിക്കുന്നത് പൂർത്തിയായതായി കമ്പനിയുടെ മാനേജിംഗ് പാർട്ണർ ശരത് ബാബു വ്യക്തമാക്കി. ചരിത്രത്തിന്റെ ഭാഗമാകാൻ ജീവിതത്തിലൊരിക്കൽ മാത്രം ലഭിക്കുന്ന അവസരമെന്നാണ് ശരത് ബാബു ഇതേക്കുറിച്ച് നേരത്തെ വിശേഷിപ്പിച്ചത്.
‘അയോദ്ധ്യ രാമക്ഷേത്രത്തിനുള്ളിലും ചുറ്റുമുള്ള വാതിലുകൾ തയ്യാറാക്കുവാനുള്ള അവസരം ലഭിച്ചത് ഞങ്ങൾക്കാണ്. ഇന്ത്യയുടെ പരമ്പരാഗത കൊത്തുപണികൾ കൊണ്ടാണ് ഓരോ വാതിലുകളും നിർമിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച തേക്കുകൊണ്ടാണ് വാതിലുകളുടെ നിർമാണം. ബൽഹർഷാ തേക്കുകളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. തമിഴ്നാട്ടിലെ കന്യാകുമാരിയിൽ നിന്നുള്ള കൊത്തുപണിക്കാരാണ് വാതിലിലെ കൊത്തുപണികൾ എല്ലാം ചെയ്തിരിക്കുന്നത്. ക്ഷേത്രത്തിലെ പതിനെട്ടോളം വാതിലുകൾ നേരത്തെ സ്ഥാപിച്ചിരുന്നു. ഇപ്പോൾ ആ വാതിലുകളിലെല്ലാം സ്വർണം പൂശിക്കൊണ്ടിരിക്കുകയാണ്’- അദ്ദേഹം വ്യക്തമാക്കി.
Discussion about this post