ന്യൂഡൽഹി: പ്രതിരോധ ഡീലർ സഞ്ജയ് ഭണ്ഡാരി, വജ്രവ്യാപാരി നീരവ് മോദി, കിംഗ്ഫിഷർ എയർലൈൻസ് ഉടമ വിജയ് മല്ല്യ എന്നിവരുൾപ്പെടെ ഇന്ത്യയുടെ ഏറ്റവും കുപ്രസിദ്ധരായിട്ടുള്ള പിടികിട്ടാപ്പുള്ളികളെ വേഗത്തിൽ കൈമാറുന്നതിനായി സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ദേശീയ അന്വേഷണ ഏജൻസി എന്നിവയിൽ നിന്നുള്ള ഉന്നതതല ഉദ്യോഗസ്ഥരുടെ സംഘം ഉടൻ തന്നെ യുകെയിലേക്ക് പോകും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു
പരസ്പര നിയമ സഹായ ഉടമ്പടി (എംഎൽഎടി) പ്രകാരം കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളുടെ ദീർഘകാല കൈമാറ്റം സംബന്ധിച്ച് ലണ്ടനിലേക്ക് പോകുന്ന സംഘം യു കെ അധികാരികളുമായി ഉഭയകക്ഷി ചർച്ചകളിൽ ഏർപ്പെടുമെന്നും സൂചനയുണ്ട് . പരസ്പര നിയമ സഹായ ഉടമ്പടി എംഎൽഎടിയിൽ ഒപ്പിട്ടിരിക്കുന്നതിനാൽ, സാമ്പത്തിക കുറ്റവാളികളും മറ്റുള്ളവരും ഉൾപ്പെടുന്ന ക്രിമിനൽ അന്വേഷണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നിയമപരമായി പങ്കിടാൻ യുകെയും ഇന്ത്യയും ബാധ്യസ്ഥരാണ്.
ഖാലിസ്ഥാനി പ്രസ്ഥാനവുമായി ബന്ധമുള്ള ഒന്നിലധികം തീവ്രവാദികളെ കുറിച്ച് എൻഐഎ സംഘം ഇപ്പോൾ അന്വേഷിക്കുന്നുണ്ട്. അതിനാൽ തന്നെ ഖാലിസ്ഥാനി തീവ്രവാദികളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇന്ത്യക്ക് യു കെ കൈമാറും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
എല്ലാം ആസൂത്രണം ചെയ്തതുപോലെ നടന്നാൽ, ഈ മാസം ഏത് സമയത്തും സംയുക്ത ടീം പുറപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. നീരവ് മോദി, വിജയ് മല്യ തുടങ്ങിയവരെ ഇന്ത്യക്ക് കൈമാറുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തുന്നതിന് പുറമെ, ലണ്ടനിൽ നിന്ന് അവർക്ക് ലഭിച്ച ആസ്തികളെക്കുറിച്ചുള്ള വിവരങ്ങൾ, അവരുടെ ബാങ്കിംഗ് ഇടപാടുകൾ തുടങ്ങിയ വിവരങ്ങളെ കുറിച്ച് സംഘം പരിശോധിക്കും
സംശയിക്കപ്പെടുന്നവരുടെ സ്ഥാവര ജംഗമ വസ്തുക്കളുടെ സ്രോതസ്സിനെ കുറിച്ചുള്ള കുറിച്ചുള്ള അന്വേഷണവും ഇതിനോടൊപ്പം നടക്കും. ഇതിലൂടെ കുറ്റകൃത്യത്തിലൂടെ ഉണ്ടാക്കിയെടുത്ത വസ്തുക്കൾ പിടിച്ചെടുക്കാം എന്നാണ് സംഘം പ്രതീക്ഷിക്കുന്നത്
Discussion about this post