പാട്ന : തമിഴ്നാട് യുവജനകാര്യ മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ ബീഹാർ കോടതിയുടെ സമൻസ്. സനാതന ധർമ്മത്തെ അവഹേളിച്ചു നടത്തിയ പരാമർശത്തെ തുടർന്ന് ഉദയനിധി സ്റ്റാലിനെതിരെ ബീഹാറിലെ കോടതിയിൽ നൽകിയിട്ടുള്ള ഹർജിയെ തുടർന്നാണ് സമൻസ് അയച്ചിരിക്കുന്നത്. ഉദയനിധി സ്റ്റാലിൻ ഫെബ്രുവരി 13ന് പാട്നയിലെ പ്രത്യേക കോടതിയിൽ ഹാജരാകണം എന്നാണ് സമൻസിൽ സൂചിപ്പിക്കുന്നത്.
എംപിമാർക്കും എംഎൽഎമാർക്കും എതിരായ കേസുകൾ പരിഗണിക്കുന്ന പാട്നയിലെ പ്രത്യേക കോടതിയ്ക്ക് വേണ്ടി ജസ്റ്റിസ് സരിക വഹാലിയ ആണ് ഉദയനിധി സ്റ്റാലിന് സമൻസ് അയച്ചിരിക്കുന്നത്. സനാതനധർമ്മം പകർച്ചവ്യാധി പോലെയാണെന്നും ഉന്മൂലനം ചെയ്യണമെന്നുമുള്ള ഉദയനിധി സ്റ്റാലിന്റെ പരാമർശത്തിനെതിരെ പട്‌ന ഹൈക്കോടതി അഭിഭാഷകനായ കൗശലേന്ദ്ര നാരായൺ, മഹാവീര്‍ മന്ദിര്‍ ട്രസ്റ്റ് സെക്രട്ടറി കിഷോര്‍ കുണാല്‍ എന്നിവരാണ് കോടതിയെ സമീപിച്ചിരുന്നത്.
2023 സെപ്റ്റംബറിൽ ചെന്നൈയിൽ നടന്ന തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് ഫോറം യോഗത്തിൽ വച്ചായിരുന്നു ഉദയനിധി സ്റ്റാലിൻ സനാതന ധർമ്മത്തിനെതിരായ വിവാദ പരാമർശം നടത്തിയത്. സനാതനധർമ്മം ഡെങ്കി, മലമ്പനി പോലെയുള്ള പകർച്ചവ്യാധികളെ പോലെ ആണെന്നും ഉന്മൂലനം ചെയ്യേണ്ടത് ആവശ്യമാണെന്നും ആയിരുന്നു ഉദയനിധിയുടെ പരാമർശം. ഈ വാക്കുകൾ വലിയ രീതിയിൽ വിവാദമായതിനെ തുടർന്ന് ഇന്ത്യയൊട്ടാകെ ഉദയനിധി സ്റ്റാലിനെതിരായി കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലെ കോടതികളിൽ ഉദയനിധി സ്റ്റാലിനെതിരായി ഹർജികൾ നൽകപ്പെട്ടിട്ടുണ്ട്.
Discussion about this post