എന്തിനാണ് തീയറ്ററിൽ പോകുന്നതെന്ന് ആരോടെങ്കിലും ചോദിച്ചാൽ മറുപടി ചിലപ്പോൾ കുറച്ച് കഠിനമാകും. എന്നാൽ, സാമൂഹ്യമാദ്ധ്യമങ്ങളിൽ ഇപ്പോൾ പ്രചരിച്ചിരിക്കുന്ന ഈ വീഡിയോ കണ്ടാൽ ഇനി മുതൽ ആളുകൾ ഈ ചോദ്യവും ചോദിച്ചു പോകും. സാധാരണ സിനിമാഭ്രാന്ത് കൊണ്ടും നേരം കളയാനും ഒക്കെ തീയറ്ററിൽ പോകുന്നവരുണ്ട്. ജോലി ചെയ്യാൻ സിനിമയ്ക്ക് കേറുന്നവരെ കണ്ടിട്ടുണ്ടോ?. അത്തരത്തിൽ തിയറ്ററിൽ ഇരുന്ന് ജോലി ചെയ്യുന്ന യുവാവിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
സിനിമാ തീയറ്ററിൽ യുവാവ് ഇരിക്കുന്നത് വീഡിയോയിൽ കാണാം. എന്നാൽ, അയാൾ സിനിമ കാണുകയല്ല. പകരം കയ്യിലുള്ള ലാപ്ടോപ്പിൽ തിരക്കിട്ട് ജോലി ചെയ്യുകയാണ് യുവാവ്. ബംഗളൂരുവിലെ സ്വാഗത് ഒനിക്സ് തിയേറ്ററിൽ നിന്നാണ് വീഡിയോ പകർത്തിയിരിക്കുന്നത്. വൈറും 11 സെക്കന്റ് മാത്രം ദൈർഘ്യമാണ് വീഡിയോക്കുള്ളത്. എക്സിലാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
അതിരാവിലെയുള്ള ഷോയിലാണ് യുവാവ് പണിയെടുക്കുന്നതെന്ന് വീഡിയോയ്ക്ക് ഒപ്പമുള്ള കാപ്ഷനിൽ വ്യക്തമാക്കിയിട്ടുണ്ട്. നാല് മണിയുടെ ഷോ ആയിരുന്നെന്ന് കമന്റുകളും വ്യക്തമാക്കുന്നു.
എന്തായാലും നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. ബംഗളൂരുവിൽ ഇഷ്ടം പോലെ പാർക്കുകളും ഗാർഡനുകളും ഉണ്ടല്ലോ അവിടെ പോയി ഇരുന്നെങ്കിൽ സമാധാനമായി ജോലി ചെയ്യാമല്ലോ, പിന്നെന്തിനാണ് ഈ ആളുകൾ കൂട്ടമായി എത്തി ആസ്വദിക്കുന്ന സിനിമാ തിയറ്ററിൽ വന്നിരുന്ന് ജോലി ചെയ്യുന്നത് എന്നാണ് ഒരു കമന്റ്.
‘ഇത് വെറും ഷോ ഓഫ് തന്നെ’ എന്ന കമന്റുമായി മറ്റ് ചിലരും എത്തിയിട്ടുണ്ട്. ‘പീക്ക് ബംഗളൂരു’ എന്നും ചിലർ കമന്റ് ഇട്ടിട്ടുണ്ട്.
Discussion about this post