കാസര്‍കോട്: പുലർച്ചെ കടയുടെ പൂട്ട് പൊളിച്ച് മോഷണം നടത്തിയ കള്ളന്മാർക്കായി തിരച്ചിൽ ആരംഭിച്ച് പോലീസ്. കാഞ്ഞങ്ങാട് കോട്ടച്ചേരിയിലെ മൊണാര്‍ക് എന്‍റര്‍പ്രൈസസിലാണ് മോഷണം നടന്നത്. അരലക്ഷത്തോളം രൂപയുടെ ചോക്ലേറ്റ് ആണ് മോഷണം പോയത്. പ്രതികളായ മൂന്ന് കുട്ടികളുടെ ചിത്രം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
ഷട്ടറിന്റെ പൂട്ട് പൊളിച്ച് അകത്ത് കയറിയ കുട്ടിക്കള്ളന്മാർ 42,430 രൂപയുടെ ചോക്ലേറ്റിനോടൊപ്പം മേശയിലുണ്ടായിരുന്ന 1680 ലക്ഷം രൂപയും കവർന്നു. അബ്ദുൽ ഖയ്യൂമിന്‍റെ ഉടമസ്ഥതയിലുള്ള കടയിലാണ് മോഷണം നടന്നത്. ചോക്ലേറ്റുകളും ബേക്കറി സാധനങ്ങളും ഉൾപ്പെടെ വിൽക്കുന്ന ഹോൾസെയിൽ കടയാണ് ഇത്.
ഡയറി മില്‍ക്ക് സില്‍ക്ക് ഉള്‍പ്പെടെയുള്ള വിലകൂടിയ ചോക്ലേറ്റുകളാണ് ഇവർ മോഷ്ടിച്ചത്. ചോക്ലേറ്റ് സൂക്ഷിച്ചിരുന്ന കാർഡ്ബോർഡ് ബോക്സുകൾ പൊട്ടിച്ച ശേഷം ഇവ ഒന്നാകെ കൊണ്ടുപോകുകയായിരുന്നു. സമീപത്തുള്ള തുണിക്കടയിലാണ് മോഷ്ടാക്കളുടെ ദൃശ്യങ്ങൾ പതിഞ്ഞിരിക്കുന്നത്. ഒരു യുവാവ് റോഡിൽ നിന്ന് നിരീക്ഷിക്കുന്നതും മറ്റ് രണ്ട് പേർ കടയുടെ ഷട്ടറിന്റെ പൂട്ട് പൊളിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. മുഖം മറയ്ക്കാതെയാണ് കവർച്ച നടത്തിയിരിക്കുന്നത്. എന്നാൽ, സമീപത്ത് ട്രാൻസ്ഫോമറിന്റെ മറയുള്ളതിനാൽ പൂട്ട് തകർക്കുന്ന രണ്ട് യുവാക്കളുടെ മുഖം വ്യക്തമല്ല. സംഭവത്തിൽ ഹൊസ്ദുര്‍ഗ് പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post