മലപ്പുറം: ചങ്ങരംകുളത്ത് രണ്ടര വയസ്സുകാരിയുടെ മരണത്തിൽ മാതാവിനെതിരെ കേസ് എടുത്ത് പോലീസ്. കൊലപാതകത്തിനാണ് വന്നേരി സ്വദേശിനിയായ ഹസീനയ്‌ക്കെതിരെ പോലീസ് കേസ് എടുത്തത്. കഴിഞ്ഞ ദിവസം രണ്ടര വയസ്സുള്ള ഇശ മെഹറുമായി ഹസീന കിണറ്റിൽ ചാടുകയായിരുന്നു.
പെരുമ്പടപ്പ് പോലീസാണ് ഹസീനയ്‌ക്കെതിരെ കേസ് എടുത്തത്. നിലവിൽ സാരമായ പരിക്കുകളോടെ ഹസീന വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ അപകടനില തരണം ചെയ്തിട്ടില്ല. ആശുപത്രി വിടുന്ന മുറയ്ക്ക് പോലീസ് തുടർ നടപടികൾ സ്വീകരിക്കും.
ഇന്നലെ രാവിലെയാണ് ഹസീനയെയും ഇശ മെഹറിനെയും വീട്ടിലെ കിണറ്റിൽ നിന്നും കണ്ടെത്തിയത്. തലേന്ന് കുഞ്ഞുമൊത്ത് മുറിയിൽ ഉറങ്ങാൻ കിടന്നത് ആയിരുന്നു ഹസീന. രാവിലെ വീട്ടുകാർ മുറിയിൽ നോക്കിയപ്പോൾ ഹസീനയെയും കുഞ്ഞിനെയും കണ്ടില്ല. ഇതേ തുടർന്ന് നടത്തിയ തിരച്ചിലിൽ ആണ് കിണറ്റിനുള്ളിൽ ഇരുവരെയും കണ്ടത്. ഉടനെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇശ മരിക്കുകയായിരുന്നു.
ഹസീനയുടെ ഭർത്താവ് റഫീഖ് വിദേശത്താണ്. അഞ്ച് വർഷം മുൻപായിരുന്നു റഫീറുമായുള്ള ഹസീനയുടെ വിവാഹം. കുഞ്ഞുമായി ഹസീന ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നാണ് പോലീസ് പറയുന്നത്. എന്നാൽ ഇതിലേക്ക് നയിച്ച കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു.












