തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് വിവാഹിതരായ നവദമ്പതികൾക്ക് ലഭിച്ചത് അത്യപൂർവ്വ സൗഭാഗ്യം. വിവാഹിതരായ മുഴുവൻ വധൂവരന്മാരെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അനുഗ്രഹിച്ചു. സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങ് പൂർത്തിയാക്കിയ ശേഷമായിരുന്നു പ്രധാനമന്ത്രി മറ്റ് വധൂവരന്മാരുമായി കൂടിക്കാഴ്ച നടത്തിയത്.
സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടേത് ഉൾപ്പെടെ 30 ഓളം വിവാഹങ്ങളാണ് ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ നടന്നത്. എല്ലാ വധുവന്മാരെയും പ്രത്യേകം കണ്ട് പ്രധാനമന്ത്രി ആശംസകൾ അറിയിച്ചു. എല്ലാവരും പ്രധാനമന്ത്രിയുടെ കാൽ തൊട്ട് അനുഗ്രഹം വാങ്ങിച്ചു. എല്ലാ വധൂവരന്മാർക്കും പ്രധാനമന്ത്രി മധുരം നൽകി. വധൂവരന്മാർക്ക് പ്രസാദവും കൈമാറി. ഇവർക്ക് ഉപഹാരം നൽകിയ ശേഷമായിരുന്നു പ്രധാനമന്ത്രി ക്ഷേത്രത്തിൽ നിന്നും മടങ്ങിയത്.
ഭാഗ്യയുടെ വിവാഹത്തിൽ പങ്കെടുക്കാൻ രാവിലെ 9 മണിയോടെയായിരുന്നു പ്രധാനമന്ത്രി ഗുരുവായൂരിൽ എത്തിയത്. വിവാഹത്തിൽ പ്രധാനമന്ത്രി മുഖ്യകാർമ്മികത്വവും വഹിച്ചു. വധൂവരന്മാർക്ക് വരണമാല്യങ്ങൾ എടുത്ത് നൽകിയത് പ്രധാനമന്ത്രിയായിരുന്നു. ഇതിന് ശേഷം ഭാഗ്യയുടെ കൈ പിടിച്ച് ശ്രേയസിനെ ഏൽപ്പിച്ചു. ഇരുവരും പ്രധാനമന്ത്രിയുടെ കാൽ തൊട്ട് വന്ദിക്കുകയും ചെയ്തു.
ഇതിന് ശേഷം വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ സിനിമാ താരങ്ങളുമായി പ്രധാനമന്ത്രി സംസാരിച്ചു. മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ താരങ്ങൾക്ക് പ്രധാനമന്ത്രി അക്ഷതം കൈമാറുകയും ചെയ്തു.
Discussion about this post