മലപ്പുറം : സമസ്ത നേതാക്കൾക്കെതിരായ ഒരു ഭീഷണി കത്ത് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാദ്ധ്യമങ്ങളിൽ വളരെ പ്രചാരം നേടിയിരുന്നു. യഥാർത്ഥത്തിൽ 10 വർഷങ്ങൾക്ക് മുൻപ് സമസ്ത നേതാക്കൾക്കെതിരെ ഭീഷണി ഉയർത്തിയ ഒരു കത്ത് ആയിരുന്നു ഇത്. ഇപ്പോഴിതാ ഈ വിഷയത്തിൽ പുതിയ വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുകയാണ് പാണക്കാട് കുടുംബാംഗം.
സമസ്തയിലെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ ഭീഷണിക്കത്ത് തയ്യാറാക്കിയത് സത്താര്‍ പന്തലൂര്‍ ആണെന്ന് പാണക്കാട് സമീറലി ശിഹാബ് തങ്ങള്‍ വെളിപ്പെടുത്തി. ഈ വിഷയത്തിൽ തെളിവുകൾ അടക്കം സമസ്തയ്ക്ക് പരാതി നൽകുമെന്നും സമീറലി ശിഹാബ് തങ്ങള്‍ അറിയിച്ചു. അന്തരിച്ച സമസ്ത മുശാവറ അംഗവും മുതിര്‍ന്ന നേതാവുമായിരുന്ന ടി.എം ബാപ്പു മുസ്ലിയാര്‍ ,സമസ്ത സെക്രട്ടറി എംടി അബ്ദുള്ള മുസ്ലിയാര്‍ എന്നിവര്‍ക്കെതിരെ നിരവധി അധിക്ഷേപങ്ങളാണ് ഈ ഭീഷണി കത്തിൽ ഉന്നയിച്ചിട്ടുള്ളത്.
അതേസമയം കൈവെട്ട് പ്രസംഗത്തിൽ സത്താർ പന്തലൂരിനെ പിന്തുണച്ചുകൊണ്ട് ഒരു വിഭാഗം സമസ്ത നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. സമസ്ത നേതാക്കളെ വിമർശിക്കുന്നവരെ കൈവെട്ടാൻ ആളുണ്ടാകും എന്നാണ് സത്താർ പന്തലൂർ വിവാദ പ്രസംഗത്തിൽ പരാമർശിച്ചിരുന്നത്. സത്താര്‍ ആലങ്കരികമായി പറഞ്ഞ ഒരു കാര്യമാണ് ചിലര്‍ അർത്ഥം ഉള്‍ക്കൊള്ളാതെ ദുഷ്പ്രചാരണം നടത്തുന്നത് എന്നാണ് സത്താർ പന്തലൂരിനെ പിന്തുണച്ചുകൊണ്ട് എത്തിയ സമസ്ത നേതാക്കൾ അഭിപ്രായപ്പെടുന്നത്. മുസ്ലിം സമുദായത്തെ എന്നും ഭിന്നിപ്പിച്ചു നിർത്താൻ ശ്രമിക്കുന്ന ചില കേന്ദ്രങ്ങളാണ് ഇതിനു പിന്നില്‍ എന്നും ഒരു വിഭാഗം സമസ്ത നേതാക്കൾ ചേർന്ന് പുറത്തിറക്കിയ സംയുക്ത വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
Discussion about this post