ഇസ്ലാമാബാദ് : ഇറാൻ പാകിസ്താനിലേക്ക് നടത്തിയ മിസൈൽ ആക്രമണത്തെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നു. ഇറാൻ സ്ഥാനപതിയെ പാകിസ്താൻ പുറത്താക്കിയെന്ന വാർത്തയാണ് ഈ സംഭവവുമായി ബന്ധപ്പെട്ട് ഏറ്റവും പുതുതായി പുറത്തുവരുന്നത്. ഇറാനിലുള്ള പാകിസ്താൻ സ്ഥാനപതിമാർ എത്രയും പെട്ടെന്ന് തിരിച്ചുവരണമെന്നും പാക് സർക്കാർ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
ബുധനാഴ്ചയാണ് ഇറാൻ സ്ഥാനപതിയോട് ഉടൻതന്നെ രാജ്യം വിട്ടു പോകാൻ പാകിസ്താൻ ആവശ്യപ്പെട്ടത്. പാകിസ്താന്റെ ഈ നടപടിക്ക് ശേഷം ഇറാൻ അതിർത്തിയിൽ സൈന്യത്തെ വിന്യസിക്കുന്നത് വർദ്ധിപ്പിച്ചിട്ടുള്ളതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച രാത്രിയായിരുന്നു പാകിസ്താനിലെ ബലൂചിസ്ഥാനിലെ ഭീകര സംഘടനയായ ജെയ്‌ഷ്-അൽ-അദാലിന്റെ താവളങ്ങളിൽ ഇറാൻ വ്യോമാക്രമണം നടത്തിയത്. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ ഇറാൻ സന്ദർശനം പൂർത്തിയായതിന് തൊട്ടു പിന്നാലെ ആയിരുന്നു പാകിസ്താനിലേക്കുള്ള ഈ വ്യോമാക്രമണം എന്നുള്ളതും ചില അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു.
ഇറാനിയൻ ആർമി ആയ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ് ആണ് ജെയ്‌ഷ്-അൽ-അദാലിന്റെ താവളങ്ങളിൽ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയത്. മണിക്കൂറുകൾക്കുള്ളിൽ തന്നെ പാക് വിദേശകാര്യ മന്ത്രാലയം ഇറാന്റെ ഈ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. തുടർന്ന് കരസേന മേധാവി ആസിം മുനീറും കാവൽ പ്രധാനമന്ത്രി അൻവർ ഉൽ ഹഖ് കാക്കറും വിഷയത്തെക്കുറിച്ച് ഫോണിൽ ചർച്ച നടത്തുകയും റാവൽപിണ്ടിയിൽ കരസേനാ മേധാവികളുടെ യോഗം ചേരുകയും ചെയ്തിരുന്നു. ഇറാനെതിരെ ശക്തമായി തന്നെ പ്രതിഷേധിക്കും എന്നാണ് പാകിസ്താൻ വ്യക്തമാക്കിയിട്ടുള്ളത്.
Discussion about this post