അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ദിനത്തിൽ എല്ലാവരും വീടുകളിലും പരിസരങ്ങളിലും ശ്രീരാമ ജ്യോതി തെളിയിക്കണമെന്ന് നടൻ ഉണ്ണി മുകുന്ദൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഉണ്ണിമുകുന്ദൻ തന്റെ ആരാധകരോട് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. നേരത്തെ ഇത്തരത്തിൽ പ്രാണപ്രതിഷ്ഠാദിനത്തിൽ ദീപം തെളിയിക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ പേരിൽ ഗായിക കെ എസ് ചിത്രക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം നടക്കുന്ന വേളയിലാണ് ഉണ്ണിമുകുന്ദൻ ശ്രീരാമ ജ്യോതി തെളിയിക്കാനായി ആഹ്വാനം നൽകിയിരിക്കുന്നത് എന്നുള്ളതും ശ്രദ്ധേയമാണ്.
ഈ വർഷം ദീപാവലി ജനുവരിയിൽ വരുന്നതിനു തുല്യമാണെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി. രാജാവ് സിംഹാസനം ഏറ്റെടുക്കാനുള്ള യാത്രയിൽ ആണെന്നും ശ്രീരാമൻ അയോധ്യയിലെ ക്ഷേത്രത്തിലേക്ക് എത്തുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് ഉണ്ണിമുകുന്ദൻ വ്യക്തമാക്കി. ശ്രീരാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാദിനത്തിൽ എല്ലാവരും വീടുകളിൽ ദീപം തെളിയിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആവശ്യപ്പെട്ടിരുന്നു. ശ്രീരാമ ജ്യോതി തെളിയിക്കാനുള്ള ഉണ്ണിമുകുന്ദന്റെ ആഹ്വാനത്തിന് നിരവധി പേരാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പിന്തുണ നൽകുന്നത്.
ഉണ്ണി മുകുന്ദൻ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം,
ജനുവരി 22-ന് നിങ്ങളുടെ വീടുകളിലും പരിസരങ്ങളിലും ശ്രീരാമജ്യോതി തെളിയിക്കുക. ശ്രീരാമന്റെ വരവ് പ്രമാണിച്ച് ഈ വർഷം ദീപാവലി ജനുവരിയിൽ വരുന്നതിന് തുല്യം! രാജാവ് സിംഹാസനം ഏറ്റെടുക്കാനുള്ള യാത്രയിലാണ്. ❤️🙏 ജയ്ശ്രീറാം 🙏
Discussion about this post