അയോദ്ധ്യ പ്രാണപ്രതിഷ്ഠ അടുത്തിരിക്കവെ ക്ഷേത്രവുമായി ബന്ധപ്പെട്ട നിരവധി വാർത്തകളാണ് പുറത്ത് വരുന്നത്. ഇതിനൊപ്പം ചില വ്യാജവാർത്തകളും വാഗ്ദാനങ്ങളും പ്രചരിക്കുന്നുണ്ട്. പ്രാണപ്രതിഷ്ഠ ദിനത്തിൽ വിഐപി ദർശനം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് നിരവധി ഭക്തരെയാണ് സൈബർ കുറ്റവാളികൾ കബളിപ്പിക്കുന്നത്. വാട്‌സാപ്പിലൂടെയും മറ്റും സന്ദേശമയച്ചാണ് ഭക്തരെ ഇതിൽ കുടുക്കുന്നത്. പ്രസാദം, ക്ഷേത്ര നിർമ്മാണത്തിന് സംഭാവന, ദർശനം എന്നീ കാരണങ്ങൾ പറഞ്ഞാണ് പണം കൈക്കലാക്കുന്നത്.
വാട്‌സ്ആപ്പ് വഴിയാണ് വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നത്. വാട്‌സാപ്പിലേക്ക് ആദ്യം അജ്ഞാത നമ്പറിൽ നിന്ന് സന്ദേശം വരും. ഇതിൽ ഒരു പിഡിഎഫ് ഫയലും കാണും. ജനുവരി 22ന് അയോദ്ധ്യ രാമക്ഷേത്രം സന്ദർശിക്കാൻ വിഐപി പാസ് നിങ്ങൾക്ക് ലഭിച്ചെന്നായിരിക്കും ആ സന്ദേശം. ഇത് വഴി ലഭിക്കുന്ന ഫയൽ ഓപ്പൺ ചെയ്യുന്നതിലൂടെ ഹാക്കാർമാർക്ക് ഫോൺ ട്രാക്ക് ചെയ്യാനും നിങ്ങളുടെ സാമ്പത്തിക വിവരങ്ങളും വ്യക്തിഗത ഡാറ്റകളും ശേഖരിക്കാനും കഴിയും.
വിഐപി എൻട്രി വാഗ്ദാനം ചെയ്തുള്ള ആപ്പും ഈ തട്ടിപ്പ് സംഘം പുറത്തിറക്കിയിട്ടുണ്ട്. ‘രാം ജന്മഭൂമി ഗൃഹ് സമ്പർക്ക് അഭിയാൻ’ എന്നാണ് ആപ്പിന്റെ പേര്. എന്നാൽ അയോദ്ധ്യ ക്ഷേത്ര മാനേജ്മെന്റിനോ സംസ്ഥാന കേന്ദ്ര സർക്കാരുകൾക്കോ ക്ഷേത്ര ട്രസ്റ്റിനോ ഇതിൽ ബന്ധമില്ല .
ഇ കൊമേഴ്‌സ് ആപ്പുകളായ ആമസോണിൽ അയോദ്ധ്യ ശ്രീ രാം മന്ദിർ പ്രസാദം എന്ന പേരിൽ ക്ഷേത്രത്തിലെ പ്രസാദം വിൽപന നടക്കുന്നുണ്ട്. ഉൽപ്പന്ന വിവരണങ്ങളിൽ ഇത് രാം മന്ദിർ ജന്മഭൂമി ട്രസ്റ്റ് അംഗീകരിച്ചതായും അവകാശപ്പെടുന്നുപ്രസാദവിതരണവും ദർശന ബുക്കിങ്ങും ഓൺലൈനായി നടത്തുന്നില്ലെന്ന് സംഘാടകർ അറിയിച്ചു. ധനസമാഹരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അവർ വ്യക്തമാക്കി.
അയോദ്ധ്യ രാമക്ഷേത്ര നിർമ്മാണത്തിന് പണം ആവശ്യമാണെന്ന് പറഞ്ഞ് ജനങ്ങളോട് ക്യു ആർ കോഡ് വഴി പണം സംഭാവന ചെയ്യാൻ ആവശ്യപ്പെടുന്നു. ‘ശ്രീരാമ ജന്മഭൂമി തീർഥ് ക്ഷേത്ര അയോദ്ധ്യ, ഉത്തർപ്രദേശ്’ എന്ന ഒരു എക്‌സ് പേജിലൂടെയാണ് ഈ ക്യൂ ആർ കോഡ് പങ്കുവച്ചിരിക്കുന്നത്. ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്നെസിന്റെ പേരിൽ സംഭാവന ആവശ്യപ്പെട്ട് സന്ദേശമയച്ചതായും ചിലർ പരാതി നൽകിയിട്ടുണ്ട്.
ജനുവരി 22നാണ് അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠ ചടങ്ങ് നടക്കുന്നത്. ക്ഷണിക്കപ്പെട്ട അതിഥികൾക്കാണ് ചടങ്ങിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക. രാജ്യത്തുടനീളമുള്ള 11,000-ലധികം അതിഥികളെ ക്ഷണിച്ചിട്ടുണ്ടെന്നാണ് വിവരം. അതിന് ശേഷമായിരിക്കും ഭക്തർക്കായി ക്ഷേത്രം തുറന്നുകൊടുക്കുക.
Discussion about this post