ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യയജമാനനായിരിക്കുമെന്ന് ചടങ്ങുകളുടെ മുഖ്യപുരോഹിതൻ ലക്ഷ്മികാന്ത് ദീക്ഷിത്.
പ്രാണപ്രതിഷ്ഠയുടെ മുന്നോടിയായി ചൊവ്വാഴ്ച തുടങ്ങിയ ചടങ്ങുകൾക്ക് ഭാര്യയോടൊപ്പം കാർമികത്വം വഹിക്കുന്ന രാമക്ഷേത്ര ട്രസ്റ്റ് അംഗം അനിൽ മിശ്ര പ്രതിഷ്ഠാദിനത്തിൽ യജമാനനാകുമെന്ന റിപ്പോർട്ടുകൾ ദീക്ഷിത് നിഷേധിച്ചു. ”സാധാരണഗതിയിൽ ഒരു പൂജയുടെ പ്രധാന ആതിഥേയനാണ് യജമാനൻ. ആരുടെ പേരിലാണോ പ്രാർഥനകൾ അർപ്പിക്കുന്നത് അദ്ദേഹമായിരിക്കും യജമാനൻ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി കർശനമായി ‘യാം നിയമങ്ങൾ’ പാലിച്ച് വ്രതം അനുഷ്ടിക്കുകയാണ്. ഒരു പുതപ്പ് മാത്രം പുതച്ച് തറിയിലാണ് അദ്ദേഹം കിടക്കുക. ഇളനീർ വെള്ളം മാത്രമാണ് പ്രധാനമന്ത്രി കുടിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
സൂര്യോദയത്തിന് മുമ്പുള്ള ശുഭ സമയത്ത് എഴുന്നേൽക്കുക, ധ്യാനം, സാത്വികമായ ഭക്ഷണം കഴിക്കൽ എന്നിവ ഉൾപ്പെടെയുള്ള ഒട്ടേറെ കാര്യങ്ങൾ അദ്ദേഹം തന്റെ ദൈനംദിന ജീവിതത്തിൽ പാലിക്കുന്നുണ്ട്.
പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായി രാംലല്ലയുടെ വിഗ്രഹം ഗർഭഗൃഹത്തിൽ സ്ഥാപിച്ചു. അനുഷ്ഠാനങ്ങൾ തുടരുകയാണ്. പ്രതിഷ്ഠാദിനം രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി സരയൂ നദിയിൽ സ്‌നാനം ചെയ്യും. രാംപഥിലൂടെയും ഭക്തിപഥിലൂടെയും രാമജന്മഭൂമിയിലേയ്ക്ക് നടക്കും. രണ്ട് കിലോ മീറ്ററോളം മോദി കാൽനടയായി പോകുമെന്നാണ് സൂചന. തുടർന്ന് ഹനുമാൻഗഢി ക്ഷേത്രത്തിൽ ദർശനം നടത്തും.
Discussion about this post