ന്യൂഡൽഹി: പാർലമെന്റ് അംഗത്തിന്റെ ധാർമ്മികതയ്ക്ക് നിരക്കാത്ത നടപടികൾ ചെയ്തതിന്റെ പേരിൽ കഴിഞ്ഞ മാസം ലോക്‌സഭയിൽ നിന്ന് പുറത്താക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര ഇന്ന് തന്റെ സർക്കാർ ബംഗ്ലാവ് ഒഴിഞ്ഞു. ഈ ആഴ്ച ആദ്യം ബംഗ്ലാവ് ഒഴിയാൻ ഉത്തരവിട്ടുകൊണ്ട് ഒഴിപ്പിക്കൽ നോട്ടീസ് തൃണമൂൽ കോൺഗ്രസ് നേതാവായിരുന്ന മുൻ എം പി ക്ക് ലഭിച്ചിരുന്നു.
“19/1/2023 രാവിലെ 10 മണിയോടെ ശ്രീമതി മഹുവ മൊയ്ത്രയുടെ ഹൗസ് നമ്പർ 9B ടെലിഗ്രാഫ് ലെയ്ൻ പൂർണ്ണമായും ഒഴിയുകയും അഭിഭാഷകർ മുഖേന എസ്റ്റേറ്റ് ഡയറക്ടറേറ്റിന് കൈമാറുകയും ചെയ്തു. ബന്ധപ്പെട്ട അധികാരികൾ എത്തുന്നതിനു മുമ്പ് തന്നെ ബംഗ്ളാവ് ഒഴിഞ്ഞു കൊടുത്തതിനാൽ കുടിയൊഴിപ്പിക്കൽ നടപടികൾ ഒന്നും ഉണ്ടായില്ല, മൊയ്ത്രയുടെ അഭിഭാഷകർ മാദ്ധ്യമങ്ങളോട് പറഞ്ഞു
ശക്തമായ വാക്കുകൾ ഉപയോഗിച്ചാണ് ബംഗ്ലാവ് ഉടൻ ഒഴിയാൻ കേന്ദ്രം മഹുവ മൊയ്ത്രയ്ക്ക് കുടിയൊഴിപ്പിക്കൽ നോട്ടീസ് നൽകിയത് , മൊയ്‌ത്ര സ്വന്തമായി സ്ഥലം ഒഴിഞ്ഞില്ലെങ്കിൽ അവരും മറ്റേതെങ്കിലും താമസക്കാരെയും ആവശ്യമായ ശക്തിയുടെ ഉപയോഗത്തിലൂടെ പ്രസ്തുത സ്ഥലത്ത് നിന്ന് പുറത്താക്കാൻ ഞങ്ങൾ നിർബന്ധിതരാകും എന്ന് സർക്കാർ വസ്‌തുക്കൾ കൈകാര്യം ചെയ്യുന്ന ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ്‌സിന്റെ അറിയിപ്പിൽ വ്യക്തമാക്കിയിരുന്നു
ഒഴിപ്പിക്കൽ നടപടിയിൽ നിന്ന് ഇളവ് ലഭിക്കുവാൻ മൊയ്ത്ര ഡൽഹി ഹൈ കോടതിയെ സമീപിച്ചിരുന്നുവെങ്കിലും നിരാശയായിരുന്നു ഫലം. എം പി എന്ന നിലയിൽ അനുവദിച്ച സ്ഥലം ആ അധികാരം ഇല്ലാത്തതോടു കൂടി അനുവദിക്കാനാവില്ലെന്നാണ് കോടതി വ്യക്തമാക്കിയത്
Discussion about this post