ലക്നൗ: ഗർഭഗൃഹത്തിലെ ശ്രീരാമ വിഗ്രഹ പ്രതിഷ്ഠയ്ക്കായി ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പിലാണ് അയോദ്ധ്യ. പ്രാണപ്രതിഷ്ഠയ്ക്കായി ദിവസങ്ങൾ ബാക്കി നിൽക്കേ രാമജന്മഭൂമിയിലെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലേക്ക് കടന്നു.പ്രാണപ്രതിഷ്ഠയുടെ ഭാഗമായുള്ള നാലാം ദിവസത്തെ ചടങ്ങുകൾ ആയിരുന്നു ഇന്ന് നടന്നത്. ക്ഷേത്രത്തിനടുത്ത് സ്ഥാപിച്ചിട്ടുള്ള മണ്ഡപത്തിൽ ഒരുക്കിയിരിക്കുന്ന ഹോമകുണ്ഡത്തിലേക്ക് അരണികടഞ്ഞ് അഗ്നി പകർന്നുകൊണ്ട് യോഗാഗ്നി ജ്വലിപ്പിച്ചു. ഇതിൽ നിന്നുള്ള അഗ്നി ഉപയോഗിച്ച് ക്ഷേത്രത്തിന്റെ ഒമ്പത് മൂലകളിലുള്ള ഒമ്പത് കുണ്ഡങ്ങൾ പ്രകാശിപ്പിക്കും. പ്രാണപ്രതിഷ്ഠാ ദിവസം വരെ ഇരുപത്തിനാല് മണിക്കൂറും ഈ അഗ്നി പ്രകാശിക്കുമെന്ന് പുരോഹിതർ പറയുന്നു. ഇതിന് ശേഷം നവഗ്രഹ പ്രതിഷ്ഠയും ഹവൻ സ്ഥാപിക്കലും നടക്കും.
കഴിഞ്ഞ ചൊവ്വാഴ്ച്ച പ്രായശ്ചിത്ത പൂജയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. കഴിഞ്ഞ ദിവസം സരയൂ നദിയിൽ നിന്നുള്ള ജലം വഹിച്ചുകൊണ്ടുള്ള കലശയാത്രയും നടന്നിരുന്നു.
ഇന്നലെയാണ് രാമവിഗ്രഹം ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചത്. ഇന്നലെ വൈകുന്നേരത്തോടെ ഔഷദദിവസ്, കേസരദിവസ്, ദ്രിതാസ്ദിവസ്, പുഷ്പദിവസ് എന്നിവയും നടന്നിരുന്നു. ഇതിന് ശേഷം രാംലല്ലയെ കുങ്കുമപ്പൂവ്, ധാന്യങ്ങൾ എന്നിവകൊണ്ട് പൊതുഞ്ഞ് വയ്ക്കും. തിങ്കളാഴ്ച്ച വരെ ക്ഷേത്രം അടഞ്ഞുകിടക്കും.
അതേസമയം, അയോദ്ധ്യയിൽ ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അയോദ്ധ്യയിലുടനീളം കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അയോദ്ധ്യയിൽ സംശയാസ്പദമായ രീതിയിൽ കണ്ടെത്തിയ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
അയോദ്ധ്യയിൽ മുഴുവൻ ശ്രീരാമന്റെ ചിത്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെയെത്തുന്ന തീർത്ഥാടകർക്ക് ചിത്രങ്ങൾ എടുക്കുന്നതിന് സെൽഫി പോയ്ന്റുകളും ഒരുക്കിയിട്ടുണ്ട്. ലതാമങ്കേഷ്കർ ചൗക്കിലാണ് സെൽഫി പോയിന്റുകൾ ഒരുക്കിയിട്ടുള്ളത്. രാംലല്ലയുടെ പോസ്റ്ററുകളും ബാനറുകളും ഉൾപ്പെടെ ഒരുക്കിക്കൊണ്ട് രാമനഗരിയെ കൂടുതൽ മനോഹരമാക്കിയിരിക്കുന്നു.
Discussion about this post