തിരുവനന്തപുരം : തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ രണ്ടാമത്തെ കരൾമാറ്റ ശസ്ത്രക്രിയയും വിജയകരം. കരൾ രോഗം മൂലം കാൻസർ ബാധിച്ച തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയായ 53 വയസ്സുകാരനാണ് കരൾ മാറ്റിവെച്ചത്. രോഗിയുടെ അടുത്ത ബന്ധു തന്നെയാണ് കരൾ പകുത്ത് നൽകിയത്. സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ തിരുവനന്തപുര മെഡിക്കൽ കോളേജിലും കോട്ടയം മെഡിക്കൽ കോളേജിലും ആണ് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയകൾ നടത്തിയിട്ടുള്ളത്.
ആരോഗ്യമന്ത്രി വീണ ജോർജ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തി കരൾ മാറ്റശാസ്ത്രക്രിയ നടത്തിയ രോഗിയെ സന്ദർശിക്കുകയും ട്രാൻസ്പ്ലാന്റ് ടീമിനെ അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു. കഴിഞ്ഞമാസം എട്ടിനായിരുന്നു കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയിരുന്നത്. നിലവിൽ പുതിയ കരളുമായി രോഗിയുടെ ശരീരം പൂർണ്ണമായും യോജിച്ചതായി ഡോക്ടർമാർ വ്യക്തമാക്കി.
ആറ്റിങ്ങൽ സ്വദേശിക്ക് രാവിലെ 7 മണിക്ക് ആരംഭിച്ച ശസ്ത്രക്രിയ രാത്രി 11 മണിയോട് കൂടിയായിരുന്നു പൂർത്തിയായത്. സർജിക്കൽ ഗ്യാസ്ട്രോ, അനസ്തേഷ്യ ആൻഡ് ക്രിട്ടിക്കൽ കെയർ, മെഡിക്കൽ ഗ്യാസ്ട്രോ, കാർഡിയോളജി തുടങ്ങിയ വിഭാഗങ്ങളിൽ നിന്നുമായി നൂറോളം വിദഗ്ധ ഡോക്ടർമാരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കാൻ ആയത്. ദിവസങ്ങൾ നീണ്ടുനിന്ന സൂക്ഷ്മമായ പരിശോധനകൾക്ക് ശേഷം കഴിഞ്ഞദിവസം രോഗിയെ ഡിസ്ചാർജ് ചെയ്തു.
Discussion about this post