കണ്ണൂർ : മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെ എതിരായ ആരോപണങ്ങൾ തള്ളി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഒരു പാവം പെൺകുട്ടിയെ സംരംഭം നടത്തി ജീവിക്കാൻ സമ്മതിക്കാത്ത അവസ്ഥയാണ് ഇവിടെയുള്ളതെന്നും ഇ പി ജയരാജൻ കുറ്റപ്പെടുത്തി. ആർ ഒ സി പറയുന്നത് എല്ലാം സത്യമാകണമെന്നുണ്ടോ എന്ന് ചോദിച്ച ജയരാജൻ രേഖകളും കൊണ്ട് നടക്കലല്ലല്ലോ ഞങ്ങളുടെ പണി എന്നും വ്യക്തമാക്കി.
സിപിഎം എക്സാലോജിക്കിനെ ന്യായീകരിക്കുകയല്ലെന്നും ഉള്ള കാര്യങ്ങൾ പറയുക മാത്രമാണ് ചെയ്യുന്നതെന്നും ജയരാജൻ വ്യക്തമാക്കി. എക്സാലോജിക് എല്ലാ കാര്യങ്ങളും കൃത്യമായി തന്നെ നിർവഹിച്ചിട്ടുണ്ട്. ഐടി മേഖലയിൽ പ്രഗൽഭയായ ഒരു പെൺകുട്ടി ഒരു സംരംഭം തുടങ്ങിയതാണ് എക്സാലോജിക്. ഒരു പാവം പെൺകുട്ടിയെ സംരംഭം നടത്തി ജീവിക്കാൻ സമ്മതിക്കില്ലേ എന്നും ഇ പി ജയരാജൻ ചോദിച്ചു.
സിഎംആർഎൽ – എക്സാലോജിക് ഇടപാടിനെ സിപിഎം-ബിജെപി ഒത്തുതീർപ്പ് എന്നൊക്കെ പറയുന്നത് വി ഡി സതീശന്റെ വകതിരിവില്ലായ്മ ആണെന്നും ജയരാജൻ അഭിപ്രായപ്പെട്ടു. ഒരു പാവം പെൺകുട്ടി ഒരു സംരംഭം തുടങ്ങിയതിന്റെ പേരിൽ എത്രകാലമായി അവരെ വേട്ടയാടുന്നു. സ്ത്രീത്വത്തെയാണ് വേട്ടയാടുന്നത്. ആർഒസി റിപ്പോർട്ട് കോടതിവിധി ഒന്നുമല്ല. ഒരു പാവം പെൺകുട്ടിയുടെ ജീവിതം ഹോമിക്കാനായി ചിലർ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണെന്നും ഇ പി ജയരാജൻ വിമർശനമുന്നയിച്ചു.
Discussion about this post