ലഖ്‌നൗ : രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണപത്രികയും അക്ഷതവും കണ്ണീരോടെയാണ് മുഹമ്മദ് ഹബീബ് ഏറ്റുവാങ്ങിയത്. കാരണം രാമജന്മഭൂമിക്കായി ഹിന്ദുക്കളോടൊപ്പം തോളോട് തോൾ ചേർന്ന് പോരാടിയ ഒരു മുസ്ലീം കർസേവകന് അത് തീർത്തും ഒരു വികാരാത്മകനിമിഷം തന്നെയായിരുന്നു.
1992 ഡിസംബർ 2 മുതൽ അഞ്ചുദിവസത്തോളം അയോധ്യയിൽ താമസിച്ചുകൊണ്ട് കർസേവയിൽ ഏർപ്പെട്ട വ്യക്തിയായിരുന്നു മുഹമ്മദ് ഹബീബ്. ഉത്തർപ്രദേശിലെ മിർസാപൂർ സ്വദേശിയായ അദ്ദേഹം ചെറുപ്പം മുതലേ രാഷ്ട്രീയ സ്വയംസേവക സംഘത്തോട് വലിയ രീതിയിലുള്ള അനുഭാവം പ്രകടിപ്പിച്ചിരുന്ന വ്യക്തിയായിരുന്നു. രാമ ജന്മഭൂമി പ്രക്ഷോഭം നടക്കുന്ന വേളയിൽ യുവമോർച്ചയുടെ ജില്ലാ വൈസ് പ്രസിഡണ്ട് ആയിരുന്നു മുഹമ്മദ് ഹബീബ്. ഇപ്പോൾ തന്റെ എഴുപതാം വയസ്സിൽ ജന്മഭൂമിയിൽ ശ്രീരാമന് ക്ഷേത്രം ഉയരുന്നത് കാണാനായത് വലിയ സന്തോഷമാണ് ഉണ്ടാക്കുന്നതെന്ന് മുഹമ്മദ് ഹബീബ് വ്യക്തമാക്കി.
അയോധ്യയിലേക്കുള്ള ക്ഷണപത്രിക, രാമക്ഷേത്രത്തിന്റെ മാതൃക, അക്ഷതം എന്നിവയെല്ലാമായി മുഹമ്മദ് ഹബീബിനെ മിർസാപൂരിലെ വീട്ടിൽ സന്ദർശിച്ചത് ആർഎസ്എസ് നേതാവായ അലോക് ശ്രീവാസ്തവ ആയിരുന്നു. സന്തോഷപൂർവ്വം തന്നെ മുഹമ്മദ് ഹബീബ് അത് ഏറ്റുവാങ്ങി. പൂർവികരെ സ്മരിക്കുന്നതാണ് യഥാർത്ഥ ഭാരതീയത എന്നും തന്റെ ജന്മഭൂമിയിൽ രാമന് ക്ഷേത്രം ആവശ്യമാണെന്നും മുഹമ്മദ് ഹബീബ് അഭിപ്രായപ്പെട്ടു. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിലും ജനുവരി 22ന് ശേഷം ഒരു ദിവസം തീർച്ചയായും അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കുമെന്നും മുഹമ്മദ് ഹബീബ് വ്യക്തമാക്കി.
Discussion about this post