തൃശൂർ : ജീവിക്കാൻ നിവൃത്തിയില്ലാതെ ആയതോടെ ദയാവധത്തിന് അനുമതി നൽകണമെന്ന് അപേക്ഷിച്ചിരിക്കുകയാണ് സിപിഐഎം നേതൃത്വത്തിൽ വൻ തട്ടിപ്പ് നടത്തിയതായി ആരോപണമുയർന്നിട്ടുള്ള കരുവന്നൂർ ബാങ്കിലെ ഒരു നിക്ഷേപകൻ. മാപ്രാണം സ്വദേശിയായ ജോഷിയാണ് ദയാവധത്തിന് അനുമതി തേടി ഹൈക്കോടതി ചീഫ് ജസ്റ്റിനും മുഖ്യമന്ത്രിക്കും കത്തയച്ചിരിക്കുന്നത്.
84 ലക്ഷത്തോളം രൂപയാണ് കരുവന്നൂർ ബാങ്കിൽ ജോഷി നിക്ഷേപിച്ചിട്ടുള്ളത്. രണ്ടുതവണ ബ്രെയിൻ ട്യൂമർ ബാധിച്ച വ്യക്തിയാണ് ജോഷി. ഇരുപതോളം ശസ്ത്രക്രിയകൾ ആണ് ഇതുവരെയായി നടത്തിയിട്ടുള്ളത്. കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ലഭിക്കാതെ ആയതോടെ ചികിത്സയ്ക്ക് പോലും പണമില്ലാതെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് ഇപ്പോൾ ജോഷി.
പണം തിരികെ ആവശ്യപ്പെട്ട് ബാങ്കിനെയും കോടതിയെയും സമീപിച്ചതോടെ സിപിഐഎം തന്നെ സമൂഹത്തിൽ ഒറ്റപ്പെടുത്തുകയാണെന്നും ജോഷി വ്യക്തമാക്കി. സിപിഐഎം നേതാക്കൾ തനിക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്നും ഈ സാഹചര്യത്തിൽ പണം മടക്കി നൽകാൻ കഴിയില്ലെങ്കിൽ ദയാവധത്തിന് അനുവദിക്കണമെന്നുമാണ് ജോഷി ആവശ്യപ്പെട്ടിരിക്കുന്നത്.
Discussion about this post