ആലപ്പുഴ: ബിജെപി നേതാവ് രൺജീത് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ശിക്ഷാവിധി ഇന്ന്. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുക. രൺജീത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 15 എസ്ഡിപിഐ പ്രവർത്തകരാണ് പ്രതികൾ.
കേസിന്റെ വിചാരണ കഴിഞ്ഞ വർഷം അവസാനത്തോടെ പൂർത്തിയായിരുന്നു. ഇതോടെയാണ് ഇന്ന് വിധി പറയുന്നത്. ജഡ്ജി വി.ജി ശ്രീദേവി ആയിരിക്കും ശിക്ഷ വിധി പുറപ്പെടുവിയ്ക്കുക. നിലവിൽ മാവേലിക്കര ജില്ലാ ജയിലിലാണ് പ്രതികൾ.
2021 ഡിസംബർ 19നായിരുന്നു വീട്ടിൽ കയറി കുടുംബാംഗങ്ങളുടെ മുന്നിലിട്ട് രൺജീത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ പ്രതികൾ സംസ്ഥാനം വിടുകയായിരുന്നു. ആലപ്പുഴ ഡിവൈഎസ്പി എൻ ആർ ജയരാജിന്റെ നേതൃത്വത്തിൽ ആയിരുന്നു കേസിന്റെ അന്വേഷണം.
കൃത്യമായ ആസൂത്രണത്തിന് പിന്നാലെയായിരുന്നു രൺജീത്തിനെ എസ്ഡിപിഐക്കാർ വെട്ടിക്കൊലപ്പെടുത്തിയത്. അന്വേഷണം പൂർത്തിയാക്കി പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്.
ആയിരത്തോളം രേഖകളും നൂറിലധികം തൊണ്ടിമുതലുകളും തെളിവായി ഹാജരാക്കിയിരുന്നു. വിരലടയാളങ്ങൾ, ശാസ്ത്രീയ തെളിവുകൾ, സിസിടിവി ദൃശ്യങ്ങൾ, ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ തയ്യാറാക്കിയ റൂട്ടുമാപ്പുകൾ തുടങ്ങിയ തെളിവുകളും കേസിൽ ഹാജരാക്കിയിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചുകൊണ്ടാകും ശിക്ഷാ വിധി.












