മുംബൈ : കോടതിയുടെ നോട്ടീസിന് മറുപടി നൽകാൻ വൈകിയതിന് രാഹുൽ ഗാന്ധിക്ക് 500 രൂപ പിഴ. മഹാരാഷ്ട്രയിലെ താനെ കോടതിയാണ് രാഹുൽ ഗാന്ധിക്ക് 500 രൂപ പിഴ ചുമത്തിയിരിക്കുന്നത്. ഗുരുതരമായ അലംഭാവമാണ് രാഹുൽ ഗാന്ധി കാണിച്ചിരിക്കുന്നത് എന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ കോടതിയിൽ മാപ്പപേക്ഷ എഴുതി നൽകി.
ആർഎസ്എസിനെതിരായ അപകീർത്തി പരാമർശത്തെ ചോദ്യംചെയ്ത് കോടതിയിൽ നൽകിയിട്ടുള്ള ഹർജിയിലാണ് മറുപടി വൈകിയതിന് രാഹുൽഗാന്ധിക്ക് പിഴ ചുമത്തിയിരിക്കുന്നത്. മാധ്യമപ്രവർത്തക ഗൗരി ലങ്കേഷന്റെ കൊലപാതകത്തിൽ ആർഎസ്എസിന് പങ്കുണ്ടെന്ന രാഹുൽഗാന്ധിയുടെ പരാമർശത്തിന് എതിരെയായിരുന്നു താനെ കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടിരുന്നത്. രാഹുൽ ഗാന്ധി ഒരു രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആർഎസ്എസ് പ്രവർത്തകൻ വിവേക് മങ്കരേക്കർ ആണ് കോടതിയെ സമീപിച്ചിരുന്നത്.
കേസുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ച് 881 ദിവസം കഴിഞ്ഞിട്ടും രാഹുൽഗാന്ധി മറുപടി നൽകാത്തതിനെ തുടർന്നാണ് താനെ കോടതി 500 രൂപ പിഴയായി ചുമത്തിയത്. രാഹുൽ ഗാന്ധി സ്ഥിരമായി ഡൽഹിയിൽ താമസിക്കുന്നയാളും രാഷ്ട്രീയ ആവശ്യങ്ങൾക്കായി നിരന്തരം യാത്ര ചെയ്യുന്ന ആളുമായതിനാലാണ് മറുപടി നൽകാൻ കാലതാമസം എടുത്തതെന്ന് രാഹുൽഗാന്ധിയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. എന്നാൽ രാഹുൽ ഗാന്ധിയുടേത് ഗുരുതര അലംഭാവം ആണെന്ന് കോടതി അഭിപ്രായപ്പെട്ടപ്പോൾ അഭിഭാഷകൻ രാഹുൽ ഗാന്ധിക്ക് വേണ്ടി മാപ്പപേക്ഷ എഴുതി നൽകുകയായിരുന്നു.
Discussion about this post