ഹൈദരാബാദ്: അയോദ്ധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്ക്ക് സാക്ഷിയാകാൻ രാജ്യം ഒരുങ്ങിയിരിക്കേ വർഗ്ഗീയ പരാമർശം നടത്തിയ അസദുദ്ദീൻ ഒവൈസിയെ രൂക്ഷമായി വിമർശിച്ച് വിഎച്ച്പി. ഒവൈസി വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്ന് വിഎച്ച്പി ദേശീയ വക്താവ് പറഞ്ഞു. അയോദ്ധ്യയിൽ തർക്ക മന്ദിരമാണ് ഉണ്ടായിരുന്നത് എന്ന് വാദിക്കുന്ന ഒവൈസി കോടതി വിധിയ്‌ക്കെതിരെ മറ്റ് നിയമനടപടികൾ സ്വീകരിക്കാതിരുന്നത് എന്തായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു.
ലണ്ടനിൽ നിന്നും നിയമത്തിൽ ബിരുദം നേടിയ ആളാണ് താൻ എന്നാണ് ഒവൈസി പറയുന്നത്. അങ്ങനെയെങ്കിൽ തർക്ക മന്ദിരം സംരക്ഷിക്കാനായി അദ്ദേഹത്തിന് കോടതിയിൽ പോകാമായിരുന്നില്ലേ?. അത് ചെയ്യാതെ രാഷ്ട്രീയം കളിക്കുകയായിരുന്നു ഒവൈസി. ഇപ്പോഴും അത് തുടരുന്നു. ഒവൈസിയുടെ പാർട്ടിക്കാർക്ക് ഉടൻ തന്നെ ശ്രീരാമന്റെ മഹത്വം മനസ്സിലാകുമെന്നും വിനോദ് ബൻസാൽ കൂട്ടിച്ചേർത്തു. കഴിഞ്ഞ 500 വർഷത്തിനുള്ളിൽ ഒവൈസിയുടെ പൂർവ്വികർ ആരെങ്കിലും തർക്ക മന്ദിരം സന്ദർശിച്ചിരുന്നുവോ എന്നും അദ്ദേഹം ചോദിച്ചു.
പ്രാണപ്രതിഷ്ഠാ ചടങ്ങിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേയായിരുന്നു ഒവൈസിയുടെ വർഗ്ഗീയ പരാമർശം. തർക്ക മന്ദിരം മുസ്ലീങ്ങളുടേത് ആയിരുന്നുവെന്നും, എല്ലാവരും ചേർന്ന് അത് മുസ്ലീങ്ങളുടെ പക്കൽ നിന്നും കൈക്കലാക്കിയത് ആണെന്നുമായിരുന്നു പരാമർശം. തർക്ക മന്ദിരം പൊളിച്ചില്ലായിരുന്നുവെങ്കിൽ രാജ്യത്തെ മുസ്ലീങ്ങൾക്ക് ഇന്ന് കാണുന്ന അവസ്ഥ ഉണ്ടാകില്ലായിരുന്നുവെന്നും അസദുദ്ദീൻ ഒവൈസി പറഞ്ഞിരുന്നു. പരാമർശത്തിന് പിന്നാലെ ഒവൈസിയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ആയിരുന്നു ഉയർന്നിരുന്നത്. ഇതിനിടെയാണ് മറുപടി നൽകി വിഎച്ച്പി നേതാവ് രംഗത്ത് എത്തിയത്.
Discussion about this post