ലക്‌നൗ: പ്രാണപ്രതിഷ്ഠയ്ക്ക് ഒരുങ്ങുന്ന അയോദ്ധ്യയിൽ ശ്രീരാമന് കാണിക്കയായി ജോധ്പൂരിലെ പ്രശസ്തമായ രാംനാമി തലപ്പാവും. ജയ് ശ്രീ രാം എന്ന് എഴുതിയ പ്രത്യേകതരം തലപ്പാവുകൾ അയോദ്ധ്യയിൽ എത്തി. ജോധ്പൂരിൽ നിന്നുളള രാമഭക്തരാണ് ജൻമനാട്ടിൽ തിരിച്ചെത്തുന്ന ശ്രീരാമന് കാണിക്കയായി തലപ്പാവുമായി എത്തിയത്.
തലപ്പാവുകൾ എല്ലാ രാമഭക്തർക്കുമായിട്ടാണ് അയോദ്ധ്യയിൽ എത്തിച്ചിരിക്കുന്നതെന്ന് ആചാര്യ സന്ദീപൻ മഹാരാജ് പറഞ്ഞു. ഈ തലപ്പാവാണ് ഞാൻ അണിയുന്നത്. എന്റെ സ്വദേശമായ ജോധ്പൂരിന്റെ പേരിൽ പ്രസിദ്ധമാണ് ഈ തലപ്പാവുകൾ. ഈ പുണ്യ നിമിഷങ്ങളിൽ അയോദ്ധ്യയിലെത്തിയതിൽ അങ്ങേയറ്റം സന്തോഷവും അഭിമാനവുമുണ്ടെന്നും ആചാര്യ സന്ദീപൻ മഹാരാജ് കൂട്ടിച്ചേർത്തു.
പ്രാണപ്രതിഷ്ഠക്കായി എനിക്ക് ക്ഷണം ലഭിച്ചിരുന്നു. ഞാന്‍ ഇവിടെ ഉണ്ടായിരിക്കമെന്ന് ഭഗവാന്‍ തന്നെ ആഗ്രഹിച്ചതുപോലെയാണ് എനിക്ക് തോന്നിയത്. എല്ലാവരിലും രാമ നാമമുണ്ട്. രാം ലല്ല എന്ന വാക്കുകള്‍ എല്ലാവരുടെയും ഹൃദയത്തിലും മനസിലും പതിയണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭാരതത്തിലെ വിവിധ ദേശങ്ങളിൽ നിന്നും ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നും നിരവധി ഭക്തരാണ് ഭഗവാന് ഉപഹാരങ്ങളായും കാണിക്കയായുമൊക്കെ അപൂർവ്വ വസ്തുക്കൾ എത്തിച്ചുകൊണ്ടിരിക്കുന്നത്. തിങ്കളാഴ്ചയാണ് രാജ്യം കാത്തിരിക്കുന്ന പ്രാണ പ്രതിഷ്ഠ. ഇതിനായുളള അവസാനവട്ട ഒരുക്കങ്ങൾ അയോദ്ധ്യയിൽ പുരോഗമിക്കുകയാണ്.
Discussion about this post