മുംബൈ : ജനുവരി 22ന് അയോധ്യയിൽ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ നടക്കുന്ന ദിവസം പൊതു അവധി പ്രഖ്യാപിച്ച മഹാരാഷ്ട്ര സർക്കാരിന്റെ നടപടിക്കെതിരെ കോടതിയിൽ ഹർജി നൽകിയവർക്ക് തിരിച്ചടി. പ്രാണപ്രതിഷ്ഠാദിനത്തിൽ അവധി നൽകിയ സർക്കാർ തീരുമാനം കോടതി ശരിവെച്ചു. മുംബൈ ഹൈക്കോടതിയാണ് മഹാരാഷ്ട്ര സർക്കാരിന്റെ തീരുമാനം ശരിവെച്ചത്.
മുംബൈയിലെ 4 നിയമ വിദ്യാർത്ഥികൾ ആണ് സംസ്ഥാന സർക്കാർ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് ഹൈക്കോടതിയിൽ പൊതു താൽപര്യ ഹർജി നൽകിയിരുന്നത്. മതപരമായ ചടങ്ങ് ആഘോഷിക്കാൻ പൊതു അവധി പ്രഖ്യാപിക്കുന്നത് ഭരണഘടനയുടെ മതേതരത്വം എന്ന തത്വത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാർഥികൾ കോടതിയെ സമീപിച്ചിരുന്നത്. ഇന്ന് രാവിലെ പത്തരയോടെ ആയിരുന്നു മുംബൈ ഹൈക്കോടതി ഈ ഹർജി പരിഗണിച്ചത്.
മുംബൈ ഹൈക്കോടതിയിലെ ജസ്റ്റിസുമാരായ ജി എസ് കുൽക്കർണി, നീല ഗോഖലെ എന്നിവരടങ്ങിയ ബെഞ്ച് ഹർജി തള്ളി. മഹാരാഷ്ട്ര സർക്കാറിന്റെ തീരുമാനത്തെ കോടതി ശരിവെച്ചു. രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനം പ്രമാണിച്ച് എൻഡിഎ സർക്കാർ ഭരിക്കുന്ന 12 സംസ്ഥാനങ്ങളും ചണ്ഡിഗഡും ഒഡിഷയും പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post