ലക്നൗ : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇല്ലായിരുന്നുവെങ്കിൽ രാമക്ഷേത്രം യാഥാർത്ഥ്യമാകുമായിരുന്നില്ല എന്ന് കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം. ജന്മഭൂമിയിൽ രാമന ക്ഷേത്രം പണിയുന്നതിനായി വിശ്വഹിന്ദു പരിഷത്തും ബജരംഗ് ദളും നിരവധി ത്യാഗങ്ങൾ സഹിച്ചിട്ടുണ്ട് എന്നും ആചാര്യ പ്രമോദ് കൃഷ്ണം വ്യക്തമാക്കി. ശ്രീരാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം നിരസിക്കുന്നത് കോൺഗ്രസിന്റെ നാശത്തിന് മാത്രമേ ഉതകൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പലപ്പോഴും കോൺഗ്രസിനുള്ളിൽ തന്നെ എതിരഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്ന വ്യക്തിയായാണ് ആചാര്യ പ്രമോദ് കൃഷ്ണം അറിയപ്പെടുന്നത്. രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് ഒരു ദേശീയ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ക്ഷേത്രം യാഥാർത്ഥ്യമാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീർത്തിച്ചത്. സുപ്രിം കോടതിയുടെ ഭരണഘടനാ ബെഞ്ച് ചരിത്രപരമായ ഒരു വിധി പുറപ്പെടുവിച്ചു. കാലങ്ങൾ പഴക്കമുള്ള രാമജന്മഭൂമി അവകാശവാദം ഹിന്ദു പക്ഷത്തിന് അനുകൂലമായി തീർപ്പാക്കി. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇല്ലായിരുന്നുവെങ്കിൽ ഒരിക്കലും രാമക്ഷേത്രം പൂർത്തീകരിക്കപ്പെടില്ലായിരുന്നു എന്നും ആചാര്യ പ്രമോദ് കൃഷ്ണം വ്യക്തമാക്കി.
ഭാരതത്തിന്റെ കഴിഞ്ഞ കാലങ്ങളിൽ പല സർക്കാരുകളും പല പ്രധാനമന്ത്രിമാരും വന്നു പോയി. എന്നാൽ രാമക്ഷേത്രത്തിനായുള്ള 500 വർഷത്തെ കാത്തിരിപ്പിന് വിരാമമിടാൻ ആരും രാഷ്ട്രീയ ഇച്ഛാശക്തി കാണിച്ചില്ല. അതിന് നരേന്ദ്രമോദി പ്രധാനമന്ത്രിയായി വരേണ്ടിവന്നു. അദ്ദേഹം ഇല്ലായിരുന്നുവെങ്കിൽ വിശ്വഹിന്ദു പരിഷത്തിന്റെയും ബജരംഗ് ദളിന്റെയും പ്രവർത്തകർ സഹിച്ച ത്യാഗങ്ങൾ വെറുതെ ആകുമായിരുന്നു. രാമൻ ഇന്ത്യയുടെ ആത്മാവാണ്. രാമനെ കൂടാതെ ഇന്ത്യയെ സങ്കൽപ്പിക്കാൻ പോലും കഴിയില്ല. ആ രാമന്റെ ക്ഷേത്രത്തിലേക്കുള്ള ക്ഷണം നിരസിക്കുന്നത് രാമനെ തന്നെ അവഹേളിക്കുന്നതിന് തുല്യമാണ്. നാശത്തിന് മാത്രമേ അത് കാരണമാകൂ. കോൺഗ്രസിന് അത് ദൗർഭാഗ്യകരമാണെന്നും ആചാര്യ പ്രമോദ് കൃഷ്ണം വ്യക്തമാക്കി.
Discussion about this post