ലഖ്‌നൗ : അയോധ്യയിലെ രാമ ക്ഷേത്രത്തിനായി പ്രത്യേക പതാകയും തയ്യാറായി. മധ്യപ്രദേശിലെ രേവയിലാണ് രാമക്ഷേത്രത്തിൽ ഉയർത്തുന്നതിനുള്ള പതാക തയ്യാറാക്കിയിട്ടുള്ളത്. സൂര്യന്റെയും കോവിദാര എന്ന ചുവന്ന മന്ദാര വൃക്ഷത്തിന്റെയും ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുള്ളതാണ് ഈ പതാക.
പുതിയ പതാകയിൽ ചിത്രീകരിച്ചിട്ടുള്ള സൂര്യൻ ശ്രീരാമന്റെ വംശമായ സൂര്യവംശത്തെ പ്രതിനിധീകരിക്കുന്നതാണ്. ചുവന്ന മന്ദാര വൃക്ഷം ഒരുകാലത്ത് അയോധ്യ രാജ്യത്തിന്റെ പരമാധികാരത്തിന്റെ പ്രതീകമായിരുന്നു. ഭാരതത്തിന്റെ ദേശീയ വൃക്ഷം ആൽമരം എന്നതുപോലെ അയോധ്യയുടെ രാജവൃക്ഷമായിരുന്നു ചുവന്ന മന്ദാര വൃക്ഷം.
ഉത്തർപ്രദേശ് സാംസ്കാരിക വകുപ്പിലെ അയോധ്യ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ലവ്കുശ് ദ്വിവേദി രാജ്യത്തുടനീളം ഉള്ള രാമായണവുമായി ബന്ധപ്പെട്ട ചിത്രങ്ങളെക്കുറിച്ച് നടത്തിയ ഗവേഷണങ്ങൾ ആണ് ഈ പതാകയുടെ രൂപകൽപ്പനയിൽ സഹായകരമായിട്ടുള്ളത്. ത്രേതായുഗത്തിൽ അയോധ്യ രാജവംശത്തിന്റെ പതാകയെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ചുവന്ന മന്ദാര വൃക്ഷത്തെയും സൂര്യനെയും പുതിയ പതാകയിൽ ആലേഖനം ചെയ്തിരിക്കുന്നത്.
Discussion about this post