ന്യൂഡൽഹി : രാമരാജ്യത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് രാമനെ മാതൃകയാക്കിയാണ് ഡൽഹി ഭരിക്കുന്നതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഡൽഹി സർക്കാരിന്റെ കല, സാംസ്കാരിക, ഭാഷാ വകുപ്പ് സംഘടിപ്പിച്ച ത്രിദിന രാംലീല പരിപാടിയിലാണ് കെജ്രിവാൾ ഇക്കാര്യം പറഞ്ഞത്. ശ്രീരാമനിൽ നിന്നുള്ള പ്രചോദനം കൊണ്ടാണ് ജനങ്ങൾക്കായി വിവിധ പദ്ധതികൾ ആവിഷ്കരിക്കാൻ കഴിഞ്ഞതെന്നും കെജ്രിവാൾ വ്യക്തമാക്കി.
ശ്രീരാമനെ ആരാധിക്കുമ്പോൾ അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്നും ചിന്തകളിൽ നിന്നും വാക്കുകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുവേണം പ്രവർത്തിക്കാൻ എന്നും അരവിന്ദ് കെജ്‌രിവാൾ വ്യക്തമാക്കി. തന്റെ പിതാവിന്റെ വാക്കുകൾ കേട്ട് 14 വർഷത്തെ വനവാസത്തിന് പോയ വ്യക്തിയാണ് ശ്രീരാമൻ. നാം ശ്രീരാമനെ ആരാധിക്കുകയാണെങ്കിൽ, നമ്മുടെ മാതാപിതാക്കളുടെ ആജ്ഞകൾ അനുസരിക്കുകയും സത്യം പറയുകയും വേണമെന്നും അരവിന്ദ് കെജ്രിവാൾ അഭിപ്രായപ്പെട്ടു.
ശനിയാഴ്ചയാണ് ഡൽഹി സർക്കാരിന്റെ നേതൃത്വത്തിൽ രാംലീല പരിപാടി ആരംഭിച്ചത്. തിങ്കളാഴ്ച അയോധ്യയിലെ രാമക്ഷേത്രത്തിൽ നടക്കുന്ന പ്രതിഷ്ഠാ ചടങ്ങുകൾക്ക് ശേഷം ഈ പരിപാടി സമാപിക്കുന്നതാണ്. പീരേ ലാൽ ഭവനിൽ നടന്ന രാംലീല ആഘോഷങ്ങളിൽ ഡൽഹി കല, സാംസ്കാരിക, ഭാഷാ മന്ത്രി സൗരഭ് ഭരദ്വാജ്, പരിസ്ഥിതി മന്ത്രി ഗോപാൽ റായ്, പാർട്ടി എംഎൽഎമാർ എന്നിവരും പങ്കെടുത്തു.
Discussion about this post