ലക്‌നൗ: അഞ്ച് നൂറ്റാണ്ടുകൾക്കപ്പുറം ഭഗവാൻ ശ്രീരാമൻ ജന്മസ്ഥാനത്ത്. അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് പൂർത്തിയായി. ഉച്ചയ്ക്ക് 12.32 ന് മുഖ്യ യജമാനൻ ആയ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു പ്രാണപ്രതിഷ്ഠ നിർവ്വഹിച്ചത്.
വിധി പ്രകാരമുള്ള പൂജകൾ പൂർത്തിയാക്കി ശ്രീകോവിലിൽ സ്ഥാപിച്ചിട്ടുള്ള രാംലല്ല വിഗ്രഹത്തിന്റെ കണ്ണിലെ കെട്ട് പ്രധാനമന്ത്രി അഴിച്ചു. ഇതോടെയാണ് പ്രാണപ്രതിഷ്ഠാ ചടങ്ങ് പൂർത്തിയായത്. ഇതിന് പിന്നാലെ പ്രധാനമന്ത്രി രാംലല്ലയിൽ പൂജകൾ നടത്തി. പൂജകളിൽ അദ്ദേഹത്തിനൊപ്പം മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് എന്നിവരും പങ്കെടുത്തു. ക്ഷേത്രത്തിൽ നാളെ മുതൽ ഭക്തർക്ക് പ്രവേശനം അനുവദിക്കും. രഘുപതി രാഘവ രാജാറാം എന്ന ഭജനയുടെ അകമ്പടിയോടെയായിരുന്നു ക്ഷേത്രത്തിൽ പൂജകൾ നടന്നത്.
രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ നിർവ്വഹിക്കാനായി പ്രധാനമന്ത്രി ഉച്ചയ്ക്ക് 12.15 ഓട് കൂടിയായിരുന്നു ക്ഷേത്രത്തിൽ എത്തിയത്. ശ്രീരാമ ഭഗവാനായി പട്ടും കുടയുമായാണ് അദ്ദേഹം എത്തിയത്. ഇതിന് ശേഷം മുഖ്യയജമാനൻ ആകുന്നതിനായുള്ള വിധി പ്രകാരമുള്ള കർമ്മങ്ങൾ നിർവ്വഹിച്ചു. ഇതിന് പിന്നാലെയായിരുന്നു അദ്ദേഹം പ്രാണപ്രതിഷ്ഠ നിർവ്വഹിച്ചത്. 84 സെക്കൻഡ് ആയിരുന്നു പ്രാണപ്രതിഷ്ഠയുടെ മുഹൂർത്തം.
Discussion about this post