ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ പൂർത്തിയായതിന് പിന്നാലെ കഠിന വ്രതം അവനാസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമക്ഷേത്രത്തിന്റെ മുഖ്യ പുരോഹിതനിൽ നിന്നും തീർത്ഥം സേവിച്ചുകൊണ്ടായിരുന്നു അദ്ദേഹം വ്രതം അവസാനിപ്പിച്ചത്. കഴിഞ്ഞ 11 ദിവസമായി പ്രധാനമന്ത്രി കഠിന വ്രതം അനുഷ്ഠിക്കുകയായിരുന്നു.
പ്രാണപ്രതിഷ്ഠയുടെ മുഖ്യയജമാനൻ ആയിരുന്നു പ്രധാനമന്ത്രി. ഇതിനോട് അനുബന്ധിച്ചാണ് അദ്ദേഹം വ്രതം അനുഷ്ഠിച്ചത്. ഈ മാസം 12 മുതൽ ആയിരുന്നു അദ്ദേഹം വ്രതം അനുഷ്ഠിക്കാൻ ആരംഭിച്ചത്. യമവിധി പ്രകാരം ആയിരുന്നു വ്രതം.
വ്രതത്തിന്റെ ദിവസങ്ങളിൽ ഭക്ഷണത്തിൽ ഉൾപ്പെടെ പ്രത്യേകം ചിട്ടകൾ അദ്ദേഹം പാലിച്ചിരുന്നു. പഴങ്ങൾ മാത്രമായിരുന്നു അദ്ദേഹം കഴിച്ചിരുന്നത്. കരിക്കിൻ വെള്ളം പാനം ചെയ്തു. കിടക്ക പോലും ഒഴിവാക്കിയായിരുന്നു അദ്ദേഹത്തിന്റെ ഉറക്കം.
വ്രതത്തിന്റെ ഭാഗമായി ക്ഷേത്ര ദർശനങ്ങളിലും പ്രധാനമന്ത്രി മുഴുകിയിരുന്നു. രാമായണവുമായി ബന്ധപ്പെട്ട ക്ഷേത്രങ്ങളിൽ ആയിരുന്നു അദ്ദേഹത്തിന്റെ ദർശനം.
ഉച്ചയ്ക്ക് 12.30 ഓട് കൂടിയായിരുന്നു പ്രാണപ്രതിഷ്ഠ പൂർത്തിയായത്.










