രാമക്ഷത്രത്തിന്റെ പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് വീട്ടിൽ ശ്രീരാമ ജ്യോതി തെളിയിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പ്രാണ പ്രതിഷ്ഠയുടെ പുണ്യം ഓരോ ഭവനങ്ങളിലേക്കും ഹൃദയങ്ങളിലേക്കും എത്തട്ടെ എന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. ദീപം തെളിയിക്കുന്ന ചിത്രങ്ങൾ അടക്കം അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു.
ഭാര്യ പ്രീതി നടേശനോടൊപ്പമാണ് വെള്ളാപ്പള്ളി നടേശൻ ശ്രീരാമ ജ്യോതി തെളിയിച്ചത്. വീട്ടിലെ പൂജ മുറിയിൽ ദീപം തെളിയിച്ച ചിത്രങ്ങൾ അദ്ദേഹം ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചു. ” സരയൂതീരത്ത് അയോദ്ധ്യയിലെ രാമ ജന്മഭൂമിയിൽ നടന്ന പ്രാണപ്രതിഷ്ഠയുടെ പുണ്യം ഓരോ ഭവനങ്ങളിലേക്കും, ഓരോ ഹൃദയത്തിലേക്കും എത്തിടട്ടെ” എന്നാണ് അദ്ദേഹം ഈ ചിത്രങ്ങൾക്കൊപ്പം കുറിച്ചത്.
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങനോടനുബന്ധിച്ച് കേരളത്തിലെ ഹിന്ദു സംഘടനകളുടെയും ബിജെപിയുടെയും നേതൃത്വത്തിൽ ക്ഷേത്രങ്ങളിലും വീടുകളിലും വലിയ രീതിയിലുള്ള പരിപാടികളാണ് സംഘടിപ്പിക്കുന്നത്. വിവിധ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും പ്രാർത്ഥനാ ചടങ്ങുകളും അന്നദാനവും നടന്നു. സന്ധ്യയ്ക്ക് നിരവധി ക്ഷേത്രങ്ങളാണ് വലിയ രീതിയിലുള്ള ദീപക്കാഴ്ച ഒരുക്കിയത്.
Discussion about this post