ന്യൂഡൽഹി : അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങുകൾക്ക് ശേഷം വൈകിട്ട് ഡൽഹിയിലെത്തിയ പ്രധാനമന്ത്രി ഔദ്യോഗിക വസതിയിൽ ശ്രീരാമജ്യോതി തെളിയിച്ചു. രാം ലല്ലയുടെ ഒരു വലിയ ചിത്രത്തിനു മുൻപിൽ ആയി ദീപം തെളിയിക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായി.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12.20ന് ആയിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ ചടങ്ങുകൾ നിർവഹിച്ചത്. പ്രമുഖരായ ആചാര്യ ശ്രേഷ്ഠന്മാരുടെ കാർമികത്വത്തിൽ ആയിരുന്നു പ്രധാനമന്ത്രി പ്രാണപ്രതിഷ്ഠ ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. രാം ലല്ലയ്ക്കുള്ള പട്ടു വസ്ത്രവും വെള്ളിക്കുടയും ആയാണ് പ്രധാനമന്ത്രി രാമ ക്ഷേത്രത്തിലേക്ക് എത്തിച്ചേർന്നിരുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം ആർഎസ്എസ് സർസംഘകാര്യവാഹ് മോഹൻ ഭാഗവതും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേലും രാമക്ഷേത്രത്തിലെ ഗർഭഗൃഹത്തിൽ നടന്ന പ്രാണപ്രതിഷ്ഠ ചടങ്ങുകളിൽ പങ്കുകൊണ്ടു. ചടങ്ങുകൾ അവസാനിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി വിശിഷ്ടാതിഥികളെയും ശ്രീരാമ ഭക്തരെയും അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയും ചെയ്തിരുന്നു.
Discussion about this post