അയോദ്ധ്യ; രാംലല്ലയുടെ പ്രാണ പ്രതിഷ്ഠയ്ക്ക് അയോദ്ധ്യയിൽ എത്തിയ മുകേഷ് അംബാനിയും കുടുംബവും രാമക്ഷേത്രത്തിന് 2.51 കോടി രൂപ സംഭാവന നൽകുമെന്ന് പ്രഖ്യാപിച്ചു. അയോദ്ധ്യയിൽ എത്തി പ്രാണ പ്രതിഷ്ഠയിൽ പങ്കെടുത്തതിന് പിന്നാലെയായിരുന്നു പ്രഖ്യാപനം.
രാം ജൻമഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിനായിരിക്കും തുക നൽകുക. മുകേഷ് അംബാനിയുടെ കുടുംബം വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. അയോദ്ധ്യയിലെ രാമക്ഷേത്രം ഏറെ സാംസ്‌കാരിക പ്രാധാന്യം കൂടിയുളളതാണെന്ന് കുടുംബം വ്യക്തമാക്കി.
ഭാര്യ നിത അംബാനി, മകൻ ആനന്ദ് അംബാനി, പ്രതിശ്രുത വധു രാധിക മെർച്ചന്റ്, റിലയ്ൻസ് ജിയോ സിഇഒ ആയ മകൻ ആകാശ് അംബാനി ഭാര്യ ശ്ലോക മേത്ത, മുകേഷ് അംബാനിയുടെ മകൾ ഇഷ എന്നിവർക്കൊപ്പമാണ് മുകേഷ് അംബാനി അയോദ്ധ്യയിൽ എത്തിയിരുന്നത്. പിരമാൾ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടറും ഭർത്താവുമായ ആനന്ദ് പിരമാളും ഇഷ അംബാനിക്കൊപ്പം ഉണ്ടായിരുന്നു.
ഏറെ ആവേശഭരിതയായി ജയ് ശ്രീറാം വിളികളോടെ പ്രാണ പ്രതിഷ്ഠയെക്കുറിച്ച് മാദ്ധ്യമങ്ങളോട് പ്രതികരിക്കുന്ന നിത അംബാനിയുടെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലും വൈറലായിക്കഴിഞ്ഞു. ഇന്ത്യയുടെ സംസ്‌കാരത്തിലും പാരമ്പര്യത്തിലും ഏറെ അഭിമാനിക്കുന്നുവെന്നും അതാണ് ഭാരതമെന്നും നിത പറഞ്ഞു. തടുക്കാൻ കഴിയാത്ത സന്തോഷത്തോടെയാണ് ഇവിടെ നിൽക്കുന്നതെന്നും അയോദ്ധ്യയിൽ നിന്നും അവർ പറഞ്ഞു.
ഇന്ത്യയുടെ പുതിയ കാലത്തിന് സാക്ഷിയാകാൻ കഴിയുന്നത് ഭാഗ്യമാണെന്ന് മുകേഷ് അംബാനി പ്രതികരിച്ചിരുന്നു.
Discussion about this post