ബെയ്ജിംഗ്: ചൈനയിൽ മണ്ണിടിച്ചലിൽ ഏഴ് പേർ കൊല്ലപ്പെട്ടു. നാൽപ്പതോളം പേർക്ക് പരിക്കേറ്റു. ചൈനയിലെ യുന്ന പ്രവിശ്യയിൽ ആയിരുന്നു മണ്ണിടിച്ചിൽ ഉണ്ടായത്.
രാവിലെ 5.51 ഓടെയായിരുന്നു സംഭവം. യുന്നയിലെ ലിംഗ്ഷുയി ഗ്രാമത്തിലായിരുന്നു മണ്ണിടിച്ചിൽ. ഇതുവരെ ഏഴ് പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 40 പേരെ കാണാതായി. പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതിനോടകം തന്നെ 500 ഓളം പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.
ആയിരത്തോളം കുടുംബങ്ങൾ ആണ് പ്രദേശത്ത് തിങ്ങിപ്പാർക്കുന്നത്. ബാക്കിയുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണ്. 800 ഓളം പേരാണ് പ്രദേശത്ത് രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. ഡ്രോൺ ഉപയോഗിച്ച് ഉൾപ്പെടെ തിരച്ചിൽ നടത്തുന്നുണ്ട്. 2013 ലും സമാന രീതിയിൽ പ്രദേശത്ത് മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. ഇതിൽ 13 പേരാണ് കൊല്ലപ്പെട്ടത്. അതേസമയം മണ്ണിടിച്ചലിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.











