കാസർകോട്: ജോലി തട്ടാനായി വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കേറ്റ് തയ്യാറാക്കിയത് എസ്എഫ്‌ഐ വനിതാ നേതാവ് കെ. വിദ്യ ഒറ്റയ്ക്ക്. സർട്ടിഫിക്കേറ്റ് നിർമ്മിക്കാൻ ദിവ്യയ്ക്ക് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നാണ് പോലീസിന്റെ കണ്ടെത്തൽ. കേസിൽ ഇന്നലെ പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിലാണ് നിർണായക വിവരങ്ങൾ ഉള്ളത്.
മഹാരാജാസ് കോളേജിൻറെ പേരിലുള്ള വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി ഒരു വർഷം കരിന്തളം ഗവ. കോളേജിൽ ജോലി ചെയ്തിരുന്നുവെന്നാണ് വിദ്യയ്‌ക്കെതിരായ കേസ്. ഈ സർട്ടിഫിക്കേറ്റ് വിദ്യ ഒറ്റയ്ക്ക് തയ്യാറാക്കിയതാണെന്നാണ് പോലീസ് കുറ്റപത്രത്തിൽ പറയുന്നത്. സർട്ടിഫിക്കേറ്റ് നിർമ്മാണത്തിനായി വിദ്യയെ ആരും സഹായിച്ചിട്ടില്ല. ഫോണിലായിരുന്നു സർട്ടിഫിക്കേറ്റിന്റെ നിർമ്മാണം. ഇത് സ്വന്തമായി ചെയ്തു. സർട്ടിഫിക്കേറ്റിന്റെ ഒറിജിനൽ കോപ്പി നശിപ്പിച്ചുവെന്നാണ് വിദ്യ പോലീസിന് നൽകിയിരിക്കുന്ന മൊഴി. ഇത് ശരിയാണെന്നും കുറ്റപത്രത്തിൽ പറയുന്നു.
വ്യാജരേഖ നിർമിക്കൽ, വ്യാജരേഖ സമർപ്പിക്കൽ, വഞ്ചന, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകളാണ് വിദ്യക്കെതിരെ ചുമത്തിയിരിക്കുന്നത്. വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സർക്കാർ ശമ്പളം കൈപറ്റിയെന്നും കുറ്റപത്രത്തിലുണ്ട്. അന്വേഷണം പൂർത്തിയാക്കി ഹോസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നീലേശ്വരം പോലീസാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. വ്യാജ സർട്ടിഫിക്കേറ്റ് ഉപയോഗിച്ച് ജോലി തട്ടിയ കേസിൽ കഴിഞ്ഞ വർഷം ജൂൺ 27 നായിരുന്നു വിദ്യ അറസ്റ്റിലായത്.












