വാഷിംഗ്‌ടൺ: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവും, ഏറ്റവും ജനസംഖ്യ ഉള്ള രാജ്യവുമായ ഇന്ത്യക്ക് ഐക്യ രാഷ്ട്ര സഭയുടെ രക്ഷാ സമിതിയിൽ സ്ഥിരാംഗത്വം നൽകാത്തത് അസംബന്ധം ആണെന്ന് തുറന്ന് ടെസ്ല, സ്പേസ് എക്സ് സ്ഥാപകനും ലോകത്തെ ഏറ്റവും വലിയ സമ്പന്നനുമായ എലോൺ മസ്ക്. ഇന്ത്യയില്ലാത്ത ഐക്യരാഷ്ട്ര സഭ പൊളിച്ചു കളയുന്നതാണ് നല്ലതെന്നും അതിനു പകരം ഇന്നത്തെ കാലത്തേ നേതാക്കളെ ഉൾപ്പെടുത്തി വേറെന്തെങ്കിലും ഉണ്ടാക്കണം എന്നും ആവശ്യപ്പെട്ട ഇസ്രായേൽ വംശജനായ അമേരിക്കൻ വ്യവസായി മൈക്കൽ ഐസൻബർഗിന്റെ പരാമർശത്തോട് യോജിക്കുകയായിരിന്നു മസ്ക്
ഭൂമിയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായിട്ടും ഇന്ത്യയ്ക്ക് സുരക്ഷാ കൗൺസിലിൽ സ്ഥിരമായ ഒരു സീറ്റ് ഇല്ലെന്നത് അസംബന്ധമാണ്,” സമൂഹമാധ്യമമായ എക്‌സിൽ പോസ്റ്റ് ചെയ്ത ഒരു കുറിപ്പിൽ എലോൺ മസ്ക് വ്യക്തമാക്കി.
ഐക്യരാഷ്ട്രസഭയുടെ ഇപ്പോഴത്തെ മേധാവി അന്റോണിയോ ഗുട്ടെറസ് പോസ്റ്റ് ചെയ്ത ഒരു കുറിപ്പാണ് ഇപ്പോഴത്തെ ചർച്ചകൾക്ക് തുടക്കമിട്ടത്. സ്ഥാപനങ്ങൾ ഇന്നത്തെ ലോകത്തെ പ്രതിഫലിപ്പിക്കണം, 80 വർഷം മുമ്പുള്ളതല്ല. സെപ്തംബറിലെ “ഭാവിയുടെ ഉച്ചകോടി” ഇത്തരത്തിലുള്ള ആഗോള ഭരണ പരിഷ്കാരങ്ങൾ പരിഗണിക്കുന്നതിനും വിശ്വാസം പുനർനിർമ്മിക്കുന്നതിനുമുള്ള അവസരമായിരിക്കും,” ആഫ്രിക്കയ്ക്ക് ഇപ്പോഴും സ്ഥിരാംഗത്വം ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചു കൊണ്ട് അദ്ദേഹം പോസ്റ്റ് ചെയ്തു
എന്നാൽ ഇതിൽ പ്രതികരിച്ചു കൊണ്ട് “അപ്പോൾ ഇന്ത്യയുടെ കാര്യമോ ?” എന്ന് ചോദിച്ചു കൊണ്ട് ഇസ്രായേൽ അമേരിക്കനും ശത കോടീശ്വരനും ആയ മൈക്കൽ ഐസൻബർഗ് രംഗത്ത് വന്നിരുന്നു. ഇന്ത്യ ഇല്ലാത്ത ഐക്യരാഷ്ട്ര സഭ അങ്ങ് പൊളിച്ചു കളഞ്ഞിട്ട് അതിനു പകരം വേറെയെന്തെങ്കിലും ഉണ്ടാക്കുന്നതായിരിക്കും നല്ലത് എന്നും ഐസൻബർഗ് കൂട്ടിച്ചേർത്തിരുന്നു.
ഇതിന് പിന്തുണയുമായിട്ടാണ് എലോൺ മസ്ക് പ്രത്യക്ഷപ്പെട്ടത്. ഐസൻബർഗിന്റെ പ്രതികരണത്തോട് യോജിച്ച മസ്ക്, ഇന്ത്യയില്ലാത്ത ഐക്യരാഷ്ട്ര സഭ അസംബന്ധമാണെന്നും അഭിപ്രായപ്പെട്ടു.
യുഎൻഎസ്‌സിയുടെ സ്ഥിരാംഗത്വത്തിനുള്ള ശക്തമായ സ്ഥാനാർത്ഥിയായ ഇന്ത്യ, സുരക്ഷാ കൗൺസിൽ പരിഷ്‌കരണത്തെക്കുറിച്ചുള്ള ചർച്ചകളിലെ പുരോഗതിയുടെ അഭാവത്തിൽ ദീർഘ നാളായി അതൃപ്തി രേഖപ്പെടുത്തി വരുകയാണ്. നിലവിൽ, യുഎൻ ജനറൽ അസംബ്ലിയുടെ സുരക്ഷാ സമിതിയിൽ അഞ്ച് സ്ഥിരാംഗങ്ങളും രണ്ട് വർഷത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന പത്ത് സ്ഥിരമല്ലാത്ത അംഗങ്ങളും ആണ് ഉൾപ്പെടുന്നത്
അഞ്ച് സ്ഥിരാംഗങ്ങൾ-റഷ്യ, യുകെ, ചൈന, ഫ്രാൻസ്, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവരാണ്. ഇവർക്ക് ഐക്യരാഷ്ട്ര സഭയുടെ മുന്നിൽ വരുന്ന ഏത് പ്രധാനപ്പെട്ട കാര്യത്തെയും, പ്രമേയത്തെയും തള്ളിക്കളയാനുള്ള വീറ്റോ അധികാരമുണ്ട്.
Discussion about this post