രാമജന്മഭൂമിയില് ബാലകരാമന് മിഴികള് തുറന്നിരിക്കുകയാണ്. അയോധ്യ ക്ഷേത്രത്തിന്റെ ഗര്ഗഭഗൃഹത്തില് വിളങ്ങിനില്ക്കുന്ന ചൈതന്യമാര്‍ന്ന ആ ബാലരാമനെ കാണാന് , തങ്ങളുടെ രാംലല്ലയെ കാണാന് തീര്ത്ഥാടകര് ഒഴുകിയെത്തുകയാണ്. അയോധ്യയില് നിന്നും രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം പുറത്തുവന്ന രാം ലല്ലയുടെ ചിത്രങ്ങള് ഇന്ന് രാജ്യം മുഴുവന് ചര്ച്ചയാണ്. അത്രയേറെ ചൈതന്യമാര്ന്നതായിരുന്നു ആ രൂപം.
മൈസൂരു സ്വദേശിയായ അരുണ് യോഗിരാജ് എന്ന ശില്പി കൈകള് കൊണ്ട് കൊത്തിയെടുത്ത അതിമനോഹരമായ വിഗ്രഹത്തില് മഞ്ഞപ്പട്ടും പുഷ്പങ്ങളും ഹാരങ്ങളും തിരുവാഭരണങ്ങളും കിരീടവും അമ്പും വില്ലും എല്ലാം ചാര്ത്തിയാണ് പ്രാണപ്രതിഷ്ഠ ചടങ്ങുകള്ക്കായി രാം ലല്ലയെ ഒരുക്കിയിരുന്നത്.
രാംലല്ലയുടെ തിരുവാഭരണങ്ങള്ക്കായി 15 കിലോയോളം സ്വര്ണവും 18000 ഓളം വജ്രങ്ങളും മരതകങ്ങളുമാണ് ഉപയോഗിച്ചിരിക്കുന്നത്. രാംലല്ലയുടെ കിരീടത്തിന് മാത്രം അഞ്ചു കിലോയോളം ഭാരമുണ്ട്. ഉത്തരേന്ത്യന് പാരമ്പര്യ രീതി അനുസരിച്ച് സ്വര്ണ്ണത്താല് നിര്മ്മിച്ചിട്ടുള്ളതാണ് ഈ കിരീടം. മാണിക്യവും മരതകവും വജ്രവും കൊണ്ടുള്ള അലങ്കാരങ്ങളും ഈ സ്വര്ണകിരീടത്തില് ഉണ്ട്.
കിരീടത്തിന്റെ മധ്യഭാഗത്തായി സൂര്യഭഗവാനെ കൊത്തിയെടുത്തിട്ടുണ്ട്. ഇത് ശ്രീരാമന്റെ വംശമായ സൂര്യവംശംത്തെ പ്രതിനിധീകരിക്കുന്നു. കിരീടത്തിന്റെ വലതുഭാഗത്തായി മനോഹരമായ മുത്തുകള് കോര്‍ത്തിരിക്കുന്നു. രാം ലല്ലയുടെ നെറ്റിയില് ചാര്ത്തിയിരുന്ന മംഗള് തിലകം സ്വര്‍ണവും വജ്രവും മാണിക്യവും കൊണ്ടാണ് നിര്മ്മിച്ചിട്ടുള്ളത്. രാം ലല്ല അണിഞ്ഞിരിക്കുന്ന കുണ്ഡലങ്ങള് മയില് രൂപങ്ങള് കൊണ്ട് മനോഹരമാണ്. സ്വര്ണ്ണത്താല് നിര്മ്മിച്ചിട്ടുള്ള ഈ കമ്മലുകളില് വജ്രം മാണിക്യം മരതകം എന്നിവ കൊണ്ടുള്ള അലങ്കാരങ്ങളും ഉണ്ട്.
രാം ലല്ലയുടെ കണ്ഠാഭരണങ്ങളില് ആദ്യം ധരിച്ചിരിക്കുന്നത് അര്‍ദ്ധ ചന്ദ്രാകൃതിയിലുള്ള മാലയാണ്. മധ്യഭാഗത്ത് സൂര്യനും ചൊവ്വയുടെ ശുഭമുഹൂര്ത്തത്തെ അടയാളപ്പെടുത്താനുള്ള പുഷ്പങ്ങളും ഈ മാലയില് കാണാന് കഴിയുന്നതാണ്. സ്വര്‍ണവും മരതകവും മാണിക്യവും വജ്രവും ചേര്‍ത്താണ് ഈ മാല നിര്‍മിച്ചിരിക്കുന്നത്. താഴെയായി തൂങ്ങിക്കിടക്കുന്ന മാണിക്യം മാലയുടെ പ്രൗഡി കൂട്ടുന്നു.
വലിയ മാണിക്യങ്ങളും വജ്രങ്ങളും കൊണ്ടുമുള്ള കൗസ്തുഭമണിയാണ് ഭഗവാന്‍ ശ്രീരാമന്റെ ഹൃദയഭാഗത്തുള്ളത്. മഹാവിഷ്ണുവിന്റെ എല്ലാ അവതാരങ്ങളെല്ലാം കൗസ്തുഭമണി ഹൃദയഭാഗത്തെ അലങ്കരിക്കുന്നു.
വജ്രവും മരതകവും കൊണ്ടുള്ള അഞ്ച് വരി മാലയാണ് വിഗ്രഹത്തിലെ മറ്റൊരു കണ്ഠാഭരണം. കഴുത്ത് മുതല്‍ നാഭിയുടെ മുകളില്‍ വരെ കിടക്കുന്നതാണ് ഈ മാല. പ്രകൃതിദത്ത വജ്രവും മരതകവുമാണ് ഈ മാലയിലുള്ളത്.
രാംലല്ലയുടെ വിജയമാല സ്വര്‍ണവും മാണിക്യവും കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. വിജയത്തിന്റെ പ്രതീകമായി അണിയുന്ന ഈ മാലയില് ദേവതകളുടെ പ്രിയപ്പെട്ട പുഷ്പങ്ങളായ പത്മം, ചമ്പകം, പാരിജാതം, തുളസി എന്നിവയും കാണാം. വൈഷ്ണവ പാരമ്പര്യത്തിന്റെ ചിഹ്നങ്ങളായ സുദര്‍ശനചക്രം, താമര, ശംഖ്, മംഗളകലശം എന്നിവയും രാംലല്ലയുടെ ഈ ഏറ്റവും നീളമേറിയ മാലയിലുണ്ട്.
മനോഹരമായ ഒഡ്യാണമാണ് രാം ലല്ലാ വിഗ്രഹത്തില് മറ്റൊരു ശ്രദ്ധാകേന്ദ്രം. സ്വര്‍ണ്ണം, മാണിക്യം, മരതകം, മുത്തുകള്‍ കൊരുത്ത അലങ്കാരങ്ങള് എന്നിവയെല്ലാം കൊണ്ടാണ് രാം ലല്ലയുടെ അരയിലെ ഒഡ്യാണം നിര്മ്മിച്ചിട്ടുള്ളത്. വിശുദ്ധിയുടെ പ്രതീകമായി മുത്തും മാണിക്യവും മരതകവും ഈ ഓഡ്യാണത്തില്‍ തൂങ്ങിക്കിടക്കുന്നു.
ഇവ കൂടാതെ വജ്രം , സ്വര്‍ണ്ണം എന്നിവ കൊണ്ടുള്ള വളകളും മോതിരങ്ങളും രാംലല്ല ധരിച്ചിട്ടുണ്ട്. വജ്രം, മാണിക്യം, എന്നിവ കൊണ്ടുള്ള തളകളും കാല്‍വിരല്‍ മോതിരങ്ങളും വിഗ്രഹത്തില്‍ ചാര്‍ത്തിയിരിക്കുന്നു. വലതു കയ്യില്‍ സ്വര്‍ണ അമ്പും ഇടതുകയ്യില്‍ മുത്തും മാണിക്യവും മരതകവും ചേര്‍ത്തിട്ടുള്ള വില്ലും പിടിച്ചിരിക്കുന്നു.
Discussion about this post