ലക്‌നൗ: രണ്ടാം ദിനവും ഭക്തജന പ്രവാഹത്തിന് സാക്ഷിയായി അയോദ്ധ്യയിലെ രാമക്ഷേത്രം. രാവിലെ മുതൽ തന്നെ ദർശനത്തിനായി പതിനായിരക്കണക്കിന് പേരാണ് ക്ഷേത്ര കവാടത്തിൽ എത്തിയത്. രാവിലെ ഏഴ് മണിയോടെ ക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശനം ആരംഭിച്ചിരുന്നു.
പ്രദേശവാസികളും, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ളവരുമാണ് ക്ഷേത്രത്തിൽ എത്തിയിട്ടുള്ളത്. പുലർച്ചെ മുതൽ തന്നെ രാംലല്ല ദർശിക്കാൻ ആളുകൾ എത്താൻ ആരംഭിച്ചതായി അധികൃതർ പറഞ്ഞു. ഇന്നലെ ദർശനം നടത്താൻ കഴിയാതിരുന്നതിനാൽ ധാരാളം ഭക്തരാണ് ക്ഷേത്ര പരിസരത്ത് തങ്ങിയത്. ദർശനം നടത്തിയ ശേഷം ഇവരെല്ലാം ഇന്ന് മടങ്ങും. ഭക്തരുടെ ദർശനം സുഗമമാക്കാൻ ആയിരം ദ്രുത കർമ്മ സേനാംഗങ്ങളെ ക്ഷേത്ര പരിസരത്ത് വിന്യസിച്ചിട്ടുണ്ട്.
രാമക്ഷേത്രം ഭക്തർക്ക് തുറന്നുകൊടുത്ത ആദ്യദിനമായ ഇന്നലെ മൂന്ന് ലക്ഷം പേരാണ് ദർശനം നടത്തി മടങ്ങിയത്. ആകെ നാല് ലക്ഷത്തോളം പേരാണ് ദർശനം ലക്ഷ്യമിട്ട് അയോദ്ധ്യയിൽ എത്തിയത് എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. വരും ദിവസങ്ങളിലും ലക്ഷക്കണക്കിന് ഭക്തർ ക്ഷേത്രത്തിൽ എത്തും.
ഇടതടവില്ലാതെ ഭക്തർ ക്ഷേത്രത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്ന് സ്‌പെഷ്യൽ അഡീഷണൽ ഡെപ്യൂട്ടി ജനറൽ പ്രശാന്ത് കുമാർ പറഞ്ഞു. എത്ര ഭക്തർ എത്തിയാലും അവരെ സ്വീകരിക്കാനായുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. ദിവ്യാംഗരും, വയോധികരും ക്ഷേത്രത്തിലേക്കുള്ള യാത്ര അൽപ്പം മാറ്റിവയ്ക്കണം. തിരക്ക് ഒഴിഞ്ഞ ശേഷം വരാൻ ശ്രദ്ധിക്കണം. എപ്പോൾ വന്നാലും നിങ്ങളെ വരവേൽക്കാൻ ക്ഷേത്രം ഒരുങ്ങിക്കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post