കൊച്ചി: നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹ റിസപ്ഷനിൽ പങ്കെടുത്ത ഒരു അച്ഛനെ പരിചയപ്പെടുത്തി ടിനി ടോം. ഈ അച്ഛനെ ഓർമ്മയുണ്ടോ എന്ന ചോദ്യത്തോടെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ അക്രമിയുടെ കുത്തേറ്റ് കൊല്ലപ്പെട്ട യുവഡോക്ടർ വന്ദനാ ദാസിന്റെ പിതാവിനെ ടിനി ടോം പരിചയപ്പെടുത്തിയത്.
ഈ അച്ഛനെ ഓർമ്മയുണ്ടോ, ഉണ്ടാവില്ല കാരണം നമ്മൾ മറക്കാൻ മിടുക്കരാണല്ലോ എന്ന് പറഞ്ഞാണ് ടിനി ടോം ഫേസ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്. കൃത്യം 8 മാസം മുൻപ് നമുക്ക് ഒരു മകളെ നഷ്ടപ്പെട്ടു ഡോ. വന്ദന ദാസ്. ആ കുഞ്ഞിന്റെ അച്ഛനാണ് ഇത്. ഇദ്ദേഹത്തെ ഞാൻ പരിചയപ്പെട്ടത് സുരേഷ്ഗോപി ചേട്ടന്റെ മകളുടെ തിരുവനന്തപുരത്ത് നടന്ന വിവാഹ റിസപ്ഷനിൽ വച്ചാണ്. ഭാഗ്യയുടെ കല്യാണ ചടങ്ങുകളിൽ വച്ച് ഏറ്റവും മഹനീയ സാന്നിധ്യമായി എനിക്ക് തോന്നിയത് ഈ അച്ഛന്റെ സാന്നിധ്യം തന്നെയാണ്. ഒരു ചാനലുകളും ഇദ്ദേഹത്തിനെ തിരിച്ചറിഞ്ഞില്ല. ടിനി ടോം പറഞ്ഞു.
ഒരു അച്ഛൻ മകളുടെ കല്യാണം നടത്തുന്നത് കൺനിറയെ കാണുകയായിരുന്നു അദ്ദേഹം, ഞാൻ അഡ്രസ്സ് വാങ്ങി വീട്ടിൽ കാണാനെത്തി. നിങ്ങളും ഈ മുട്ടുചിറ കോട്ടയം വഴി പോകുമ്പോൾ ഒന്ന് ഈ വീട്ടില് വരുക, ഒന്നിനും അല്ല, എന്തു നമ്മൾ കൊടുത്താലും പകരം ആവില്ലല്ലോ…. ഒരു സാന്ത്വനം അത് വലിയ ഒരു ആശ്വാസം ആയിരിക്കും… ഈ അച്ഛന്… ഇങ്ങനെയാണ് കുറിപ്പ് അവസാനിക്കുന്നത്.
കഴിഞ്ഞ മെയ് 10 നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സന്ദീപ് എന്നയാൾ വന്ദനയെ കുത്തിക്കൊല്ലുന്നത്. മദ്യലഹരിയിൽ പോലീസ് പിടികൂടിയ ഇയാളെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു സംഭവം. ഈ ആശുപത്രിയിലെ ഹൗസ് സർജനായിരുന്നു 23 കാരിയായ ഡോ. വന്ദന ദാസ്. രാത്രിയിൽ ഡ്യൂട്ടിക്കിടെ പോലീസ് കൊണ്ടുവന്ന പ്രതി അക്രമാസക്തനാകുകയും ഡോക്ടർമാർ ഉപയോഗിക്കുന്ന കത്രിക കൊണ്ട് വന്ദനയെ കുത്തിക്കൊല്ലുകയുമായിരുന്നു.
സംസ്ഥാനത്ത് ആശുപത്രി ജീവനക്കാരുടെയും ഡോക്ടർമാരുടെയും സംരക്ഷണം ഉറപ്പുവരുത്തുന്ന നിയമനിർമാണത്തിലേക്ക് വരെ നയിച്ച സംഭവമായിരുന്നു ഇത്. സംഭവത്തിന് പിന്നാലെ വന്ദനയുടെ വീട് സന്ദർശിച്ച് മാതാപിതാക്കളെ സുരേഷ് ഗോപി ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. ഇവരുടെ ഏക മകളായിരുന്നു വന്ദന.












