ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിമാര്‍ അയോദ്ധ്യ രാമക്ഷേത്ര ദര്‍ശനം നടത്തുന്നത് മാര്‍ച്ച് വരെയെങ്കിലും ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അയോദ്ധ്യയിലെ തിരക്ക് കണക്കിലെടുത്ത് പൊതുജനങ്ങള്‍ക്കുള്ള അസൗകര്യം കുറയ്ക്കാനാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചത്.
വിഐപികള്‍ ക്ഷേത്ര ദര്‍ശനം നടത്തുമ്പോള്‍ വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍ ക്ഷേത്രത്തില്‍ ഒരുക്കേണ്ടതായി വരുന്നു. സുരക്ഷാ ക്രമീകരണങ്ങള്‍ പൊതുജനങ്ങള്‍ക്ക് അസൗകര്യം ഉണ്ടാക്കും. ഭഗവാന്റെ ദര്‍ശനത്തിനും ഇത് ബുദ്ധിമുട്ടാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ചൊവ്വാഴ്ച ക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറന്നപ്പോള്‍ 5 ലക്ഷത്തോളം ഭക്തരാണ് ദര്‍ശനം നടത്തിയത്. തിരക്ക് കാരണം അയോദ്ധ്യയിലേക്ക് പോകുന്ന ബസുകള്‍ അധികൃതര്‍ക്ക് തിരിച്ച് വിടേണ്ടി വന്നു . അയോദ്ധ്യയില്‍ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തില്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലഖ്നൗവില്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. തിരക്ക് നിയന്ത്രിക്കാന്‍ സ്വീകരിച്ച നടപടികള്‍ അവലോകനം ചെയ്യുകയും ക്ഷേത്രം സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്ന വിഐപികള്‍ അധികൃതരെ അറിയിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.
Discussion about this post