എറണാകുളം : കിഫ്‌ബി മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിന് വ്യക്തമായ പങ്കുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കിഫ്‌ബിയുടെ യോഗ തീരുമാനങ്ങൾക്ക് അംഗീകാരം നൽകിയത് തോമസ് ഐസക് ആണെന്നും ഇഡി വ്യക്തമാക്കി. തോമസ് ഐസക്ക് നൽകിയ വിശദീകരണ മറുപടി ഇഡി തള്ളി.
കിഫ്‌ബി മസാല ബോണ്ട് കേസിൽ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ മുൻ ധനമന്ത്രി തോമസ് ഐസക്കിന് ആവില്ലെന്ന് ഇഡി അഭിപ്രായപ്പെട്ടു. തോമസ് ഐസക് പങ്കെടുത്ത കിഫ്‌ബി ഡയക്ടർ ബോർഡ് യോഗത്തിന്റെ മിനിറ്റ്സും ഇഡി പുറത്തുവിട്ടിട്ടുണ്ട്. നാലു തവണയായി ചോദ്യംചെയ്യലിനു ഹാജരാകാനായി വിളിപ്പിച്ചെങ്കിലും ഇതുവരെയും തോമസ് ഐസക് ഇഡിയ്ക്ക് മുൻപിൽ ഹാജരായിട്ടില്ല.
കഴിഞ്ഞ ദിവസമാണ് ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകാൻ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചുകൊണ്ട് തോമസ് ഐസക്ക് ഇഡിയ്ക്ക് വിശദീകരണ മറുപടി നൽകിയിരുന്നത്. മുഖ്യമന്ത്രി ചെയർമാനായ ഡയറക്ടർ ബോർഡിന്റേതാണ് മസാല ബോണ്ടിലെ തീരുമാനമെന്നും തനിക്ക് മാത്രമായി ഉത്തരവാദിത്തമില്ല എന്നുമാണ് തോമസ് ഐസക് വിശദീകരണത്തിൽ വ്യക്തമാക്കിയിരുന്നത് . ധനമന്ത്രി എന്ന ഔദ്യോഗിക ഉത്തരവാദിത്തം മാത്രമാണ് കിഫ്ബി മസാല ബോണ്ട് കേസിൽ നിർവഹിച്ചത് എന്നാണ് ഇഡിയ്ക്ക് നൽകിയ ഏഴു പേജുള്ള മറുപടിയിൽ തോമസ് ഐസക് വിശദീകരിച്ചിരുന്നത്.
Discussion about this post