റിയാദ്: വമ്പൻ മാറ്റത്തിന് ഒരുങ്ങി സൗദി അറേബ്യ. ചരിത്രത്തിലാദ്യമായി ആദ്യത്തെ മദ്യശാല തലസ്ഥാനമായ റിയാദിൽ തുറക്കാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. മുസ്ലീം ഇതര നയതന്ത്രജ്ഞർർക്കാണ് മദ്യം ലഭ്യമാക്കുകയെന്ന് റിപ്പോർട്ടിൽ പറയുന്നു.അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. സൗദി ഭരണകൂടം ഔദ്യോഗികമായി ഇതിനോട് പ്രതികരിച്ചിട്ടില്ല.
ഉപഭോക്താക്കൾ മൊബൈൽ ആപ്പ് വഴി രജിസ്റ്റർ ചെയ്യുകയും വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് ക്ലിയറൻസ് എടുക്കണം. പിന്നീട് പ്രതിമാസ ക്വാട്ട അനുസരിച്ച് മദ്യം വിതരണം ചെയ്യുമെന്നും പറയുന്നു. അടുത്ത ആഴ്ച തന്നെ സ്റ്റോർ തുറന്നേക്കും.
എംബസികളും നയതന്ത്രജ്ഞരും താമസിക്കുന്ന റിയാദിലെ ഡിപ്ലോമാറ്റിക് ക്വാർട്ടറിലാണ് പുതിയ സ്റ്റോർ തുറക്കുക. അമുസ്ലിംകൾക്ക് മാത്രമായിരിക്കും മദ്യം നൽകുക. അതേസമയം, അമുസ്ലിം പ്രവാസികൾക്ക് സ്റ്റോറിലേക്ക് പ്രവേശനം ലഭിക്കുമോ എന്നത് വ്യക്തമല്ല.
ഇസ്ലാമിൽ മദ്യപാനം നിഷിദ്ധമായതിനാൽ സൗദിയിൽ സമ്പൂർണ മദ്യനിരോധന നയമാണ് സ്വീകരിച്ചിരുന്നത്. സൗദി അറേബ്യയിൽ മദ്യപാനത്തിനെതിരെ കർശനമായ നിയമങ്ങളുണ്ട്. മദ്യപാനം പിടിക്കപ്പെട്ടാൽ ചാട്ടവാറടി, നാടുകടത്തൽ, പിഴ അല്ലെങ്കിൽ തടവ് എന്നിവയാണ് ശിക്ഷ. പ്രവാസികൾക്കും ശിക്ഷയിൽ ഇളവില്ല. പരിഷ്‌കാരങ്ങളുടെ ഭാഗമായി, ചാട്ടവാറടി ഒഴിവാക്കിയിരുന്നു.
Discussion about this post