ലഖ്‌നൗ : ജ്ഞാൻവാപിയിൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് ഹർജിക്കാർക്ക് നൽകാൻ ജില്ലാ ജഡ്ജി ഉത്തരവിട്ടു. പുരാവസ്തു വകുപ്പ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് പഠിക്കാൻ വാദി ഭാഗത്തിന് അവകാശമുണ്ടെന്ന് കാണിച്ച് ഹിന്ദു പക്ഷത്തെ രാഖി സിംഗ് നൽകിയ ഹർജിയിലാണ് തീരുമാനം. സീൽ ചെയ്ത സർവ്വേ റിപ്പോർട്ട് വാദിഭാഗത്തിന് നൽകരുതെന്ന് ആവശ്യപ്പെട്ട് നേരത്തെ മുസ്ലിം വിഭാഗം കോടതിയെ സമീപിച്ചിരുന്നു.
വാരണാസി ജില്ലാ ജഡ്ജി അജയ് കൃഷ്ണ വിശ്വേഷിന്റെ അധ്യക്ഷതയിൽ ചേർന്ന കോടതിയാണ് സീൽ ചെയ്ത സർവ്വേ റിപ്പോർട്ട് പരസ്യപ്പെടുത്താനുള്ള സുപ്രധാന വിധി പ്രസ്താവിച്ചിരിക്കുന്നത്. ഇന്ന് ഇരുകക്ഷികളുടെയും വാദം കേട്ട ശേഷമാണ് കോടതി ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ സമർപ്പിച്ച റിപ്പോർട്ടിന്റെ ഹാർഡ് കോപ്പി ഇരു വിഭാഗങ്ങൾക്കും നൽകാമെന്ന് അറിയിച്ചത്.
ജ്ഞാൻവാപിയിൽ നടത്തിയ സർവ്വേയുടെ റിപ്പോർട്ടിന്റെ പകർപ്പ് ഫയൽ ചെയ്യുന്നതുവരെ പരസ്യപ്പെടുത്തരുതെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടിരുന്നതിനാലാണ് ഇക്കാര്യത്തിൽ കോടതി തീരുമാനം വൈകിയിരുന്നത്.
ഇമെയിൽ വഴി റിപ്പോർട്ട് ഇരു വിഭാഗങ്ങൾക്കും നൽകാം എന്നുള്ള കോടതി തീരുമാനത്തെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ എതിർത്തതോടെയാണ് ഹാർഡ് കോപ്പി നൽകാനായി തീരുമാനമായത്. ഈ പകർപ്പിനായി കക്ഷികൾ കോടതിയിൽ പ്രത്യേക അപേക്ഷ നൽകേണ്ടതുണ്ട്.
Discussion about this post