മാലി: ഇന്ത്യ വിരുദ്ധ നിലപാടിൽ മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന് മുന്നറിയിപ്പുമായി പ്രതിപക്ഷ കക്ഷികൾ. ഇന്ത്യയെ പിണക്കുന്നത് ഗുണം ചെയ്യില്ലെന്ന് പ്രതിപക്ഷ പാർട്ടികളായ മാലിദ്വീപ് ഡെമോക്രാറ്റിക് പാർട്ടിയും ഡെമോക്രാറ്റ്‌സും വ്യക്തമാക്കി. ഭരണപക്ഷത്തിന്റെ ഇന്ത്യ വിരുദ്ധ നിലപാടിനെതിരെ കഴിഞ്ഞ ദിവസം ഇരു പ്രതിപക്ഷപാർട്ടികളും ചേർന്ന് ഐക്യമുന്നണി രൂപീകരിച്ചിരുന്നു. ഇതിന് പിന്നാലെ സംയുക്ത പ്രസ്താവന ഇറക്കുകയായിരുന്നു.
ഇന്ത്യയ്‌ക്കെതിരെ അനുഗുണമല്ലാത്ത നിലപാടാണ് നിലവിൽ മാലിദ്വീപ് ഭരണകൂടം കൈക്കൊള്ളുന്നത്. മാലിദ്വീപിന്റെ വികസന പങ്കാളിയായ ഇന്ത്യയെ പിണക്കുന്നത് ഒരിക്കലും ഗുണം ചെയ്യില്ലെന്നാണ് ഐക്യമുന്നണിയ്ക്ക് പറയാനുള്ളത്. ഇന്ത്യയെ മാറ്റി നിർത്തിയാൽ അതിന്റെ പ്രത്യാഘാതം വലുതായിരിക്കുമെന്നും ഐക്യമുന്നണി പ്രതികരിച്ചു.
മാലിദ്വീപിന്റെയും ഇവിടുത്തെ ജനങ്ങളുടെയും വികസനത്തിനായി നമ്മുടെ സുഹൃദ് രാജ്യങ്ങളോട് ചേർന്ന് പ്രവർത്തിക്കുകയാണ് വേണ്ടത്. മാലിദ്വീപിന്റെ പാരമ്പര്യം അതാണ്. ഇനിയും അത് തുടരണം. ഇന്ത്യൻ മഹാസമുദ്രത്തിന്റെ സ്ഥിരതയ്ക്കും സുരക്ഷയ്ക്കും അത് ആവശ്യമാണെന്നും ഐക്യമുന്നണി വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് മാലിദ്വീപിലെ പ്രതിപക്ഷ കക്ഷികൾ ചേർന്ന് ഐക്യമുന്നണി രൂപീകരിച്ചത്. ചൈനീസ് ചാരക്കപ്പലിന് മാലിദ്വീപ് തുറമുഖത്ത് നങ്കൂരമിടാൻ സർക്കാർ അനുവാദം നൽകിയിരുന്നു. ഇതിൽ വിയോജിപ്പ് പ്രകടിപ്പിച്ച് കൊണ്ടായിരുന്നു ഐക്യമുന്നണി.
Discussion about this post