ന്യൂഡൽഹി: ബ്രഹ്‌മോസ് സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ സംവിധാനത്തിന്റെ കയറ്റുമതിയ്‌ക്കൊരുങ്ങി ഭാരതം. ഈ വർഷം മാർച്ചോടെ കയറ്റുമതി ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട നടപടികൾ 10 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും.
ഫിലിപ്പീൻസിലേക്കാകും ആദ്യ കയറ്റുമതി എന്നാണ് സൂചന. ഡിആർഡിഒ ചെയർമാൻ ഡോ. സമീർ വി കാമത് ആണ് മാദ്ധ്യമങ്ങളോട് ഇക്കാര്യം അറിയിച്ചത്. നിരവധി രാജ്യങ്ങൾ ബ്രഹ്‌മോസ് മിസൈലിൽ താത്പര്യം പ്രകടിപ്പിച്ച് വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മിസൈൽ സംവിധാനങ്ങളുടെ കയറ്റുമതി ഉടൻ ആരംഭിക്കാനൊരുങ്ങുന്നത്.
മാർച്ചോടെ ഫിലിപ്പീൻസിന് മിസൈൽ സംവിധാനം നൽകാൻ കഴിയുമെന്നാണ് കരുതുന്നത് എന്ന് കാമത് വ്യക്തമാക്കി. നിരവധി രാജ്യങ്ങളാണ് ബ്രഹ്‌മോസ് മിസൈലിൽ താത്പര്യം പ്രകടിപ്പിച്ച് രംഗത്ത് എത്തിയിട്ടുള്ളത്. ഇതേ തുടർന്നാണ് കയറ്റുമതി ആരംഭിക്കാനുള്ള തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തദ്ദേശീയമായി നിർമ്മിച്ച കൂടുതൽ ആയുധങ്ങൾ കരസേനയുടെ ഭാഗമാക്കും. എൽസിഎ എംകെ – 1എ, അർജുൻ എംകെ 1എ, ക്യുആർഎസ്എഎം, എന്നിവ സേനയുടെ ഭാഗമാക്കും. കൂടുതൽ ആകാശ് മിസൈലുകളും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post