ജയ്പൂർ: ജയ്പൂരിലെ ആംബർ കോട്ട സന്ദർശിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥിയായി ആണ് ഫ്രഞ്ച് പ്രസിഡന്റ് ഇന്ത്യയിലെത്തിയത്. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, രാജസ്ഥാൻ ഉപമുഖ്യമന്ത്രി ദിയ കുമാരി എന്നിവരും ഫ്രഞ്ച് പ്രസിഡന്റിനോടൊപ്പം ഉണ്ടായിരുന്നു.
കോട്ട ചുറ്റിക്കാണുന്നതിനിടെ അതിന്റെ ചരിത്രത്തെക്കുറിച്ചും അദ്ദേഹത്തിന് വിവരിച്ചു നൽകി. കോട്ടയുടെ സൗന്ദര്യം ആസ്വദിക്കുന്നതിനിടെ അദ്ദേഹം രാജസ്ഥാനി ചിത്രകലയെ അഭിനന്ദിക്കുകയും ആംബർ ഫോർട്ടിലെ കലാകാരന്മാരുമായി സംവദിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ആംബർ ഫോർട്ട് സന്ദർശത്തിന്റെ ചിത്രങ്ങൾ ഇതിനകം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്.
കോട്ട സന്ദർശിച്ച ശേഷം ജന്ദർമന്തറിലേക്ക് എത്തുന്ന അദ്ദേഹം അവിടെ പ്രധാനമന്ത്രിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. കരകൗശല വിദഗ്ധർ, ഇൻഡോ-ഫ്രഞ്ച് സാംസ്‌കാരിക പദ്ധതികളിലെ പങ്കാളികൾ, വിദ്യാർത്ഥികൾ എന്നിവരുമായി ഇരുനേതാക്കളും സംവദിക്കും. ജന്തർ മന്ദറിൽ നിന്ന് സംഗനേരി ഗേറ്റിലേക്ക് സംയുക്ത റോഡ് ഷോയും നടത്തും. നാളെ രാവിലെ ഇരുവരും 75 മത് റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ പങ്കെടുക്കാനായി ഡൽഹിയിലേക്ക് തിരിക്കും.
ഇന്ന് ഉച്ച തിരിഞ്ഞ് ജയ്പൂർ അന്താരാഷ്ട്ര വിമാനത്തിലെത്തിയ അദ്ദേഹത്തെ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, രാജസ്ഥാൻ ഗവർണർ കാൽരാജ് മിശ്ര, മുഖ്യമന്ത്രി ഭജൽ ലാൽ ശർമ എന്നിവർ ചേർന്ന് ഉജ്ജ്വല സ്വീകരണമാണ് നൽകിയത്.








