വാഷിംഗ്ടൺ: പ്രപഞ്ചത്തിൽ ഭൂമിയ്ക്ക് സമാനമായി ജീവൻ തേടിയുള്ള മാനവരാശിയുടെ പര്യവേഷണങ്ങൾക്ക് ശുഭപ്രതീക്ഷ. സൗരയൂഥത്തിന് പുറത്ത് ജീവന്റെ നിലനിൽപിന് സാധ്യതയുള്ള മറ്റൊരു ഗ്രഹം കൂടി ഗവേഷകർ കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ. ജലസാന്നിദ്ധ്യമുള്ള ഗ്രഹത്തെയാണ് കണ്ടെത്തിയത്.
ഹബിൾ ബഹിരാകാശ ദൂരദർശിനി ഉപയോഗിച്ച് നാസയാണ് പുതിയ കണ്ടെത്തൽ നടത്തിയിരിക്കുന്നത്. നിരീക്ഷണത്തിലൂടെ അന്തരീക്ഷത്തിൽ കണ്ടെത്താവുന്ന ജലബാഷ്പമുള്ള ഏറ്റവും ചെറിയ എക്‌സോപ്ലാനറ്റിനെ തിരിച്ചറിഞ്ഞു.ഭൂമിയുടെ ഏകദേശം ഇരട്ടി വ്യാസമുള്ള GJ 9827d എന്ന് പേരിട്ടിരിക്കുന്ന എക്‌സോപ്ലാനറ്റിനെയാണ് കണ്ടെത്തിയത്.
നാസയുടെ അഭിപ്രായത്തിൽ, പുതുതായി കണ്ടെത്തിയ എക്‌സോപ്ലാനറ്റിന് ശുക്രന് സമാനമായ താപനിലയാണ്. ഏകദേശം 752 ഡിഗ്രി ഫാരൻഹീറ്റിൽ (400 ഡിഗ്രി സെൽഷ്യസ്) വരും ഇത്.
ഭൂമിയുടെ ഇരട്ടി വലിപ്പമുള്ള ഈ ഗ്രഹം , ഏകദേശം 97 പ്രകാശവർഷം അകലെ മീനം രാശിയിൽ സ്ഥിതി ചെയ്യുന്ന GJ 987 എന്ന നക്ഷത്രത്തെ ചുറ്റുന്നു. ബഹിരാകാശ ഏജൻസി പറയുന്നതനുസരിച്ച്, ഹബിൾ ടെലിസ്‌കോപ്പ് മൂന്ന് വർഷത്തിനിടയിൽ ജിജെ 9827 ഡിയെ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയായിരുന്നു. ഗ്രഹത്തിൽ മിതമായ അളവിലാണോ അതോ എക്‌സോ പ്ലാനറ്റിന്റെ അന്തരീക്ഷ ഘടന പ്രധാനമായും ജലസാന്നിദ്ധ്യത്താൽ സമ്പുഷ്ടമാണോ എന്ന് ഉറപ്പുവരുത്തുകയാണ് അടുത്തഘട്ടം. എന്തായാലും ഈ കണ്ടുപിടുത്തത്തെ വലിയ കുതിച്ചുചാട്ടമായാണ് കണക്കാക്കുന്നത്.
ജീവൻ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഈ ഗ്രഹങ്ങളിൽ എത്തിപ്പെടാനുള്ള മനുഷ്യരാശിയുടെ ശ്രമങ്ങൾ വിജയിക്കാനുള്ള സാധ്യതകൾ അതിവിദൂരമാണ്.മിനിറ്റിൽ ആയിരക്കണക്കിന് കിലോമീറ്റർ വേഗതയിൽ സഞ്ചരിയ്ക്കുന്ന ബഹിരാകാശവാഹനം നിർമിച്ചാലും ഗ്രഹത്തിലെത്തിപ്പെടണമെങ്കിൽ ലക്ഷക്കണക്കിന് വർഷങ്ങൾ യാത്ര ചെയ്യേണ്ടി വരും.
Discussion about this post