ന്യൂഡൽഹി: രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ നടന്ന് ദിവസങ്ങൾ പിന്നിടുമ്പോഴും ആ പുണ്യ മുഹൂർത്തം നൽകിയ ആവേശം ഭാരതീയരിൽ നിന്നും പോയിട്ടില്ല. എന്നാൽ രാജാ രാമചന്ദ്ര കി ജയ് എന്ന പോർവിളിയുമായി രജപുത്ര റൈഫിൾസ് ചതുര വടിവ് ചുവടുകളുമായി നടന്നു നീങ്ങിയപ്പോൾ അക്ഷരാർത്ഥത്തിൽ കർത്തവ്യ പഥം വിറച്ചു. തങ്ങളുടെ പ്രിയപ്പെട്ട രാജാവ് നീണ്ട വനവാസത്തിനു ശേഷം സ്വന്തം ജന്മഭൂമിയിൽ തിരിച്ചു വന്നത് ഓരോ രജപുത്ര സൈനികനും ഹൃദയം പൊട്ടുമാറുച്ചത്തിൽ വിളിച്ചു പറഞ്ഞു. ശ്രീരാമ ചന്ദ്ര പ്രഭു നീണാൾ വാഴട്ടെ, രാജാ രാം ചന്ദ്ര് കി ജയ്. അതിന്റെ അലയൊലികൾ കർത്തവ്യ പഥം മുഴുവൻ അലയടിച്ചു.
1775 ൽ രുപീകരിക്കപ്പെട്ട രാജപുത്താന റൈഫിൾസ് ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള സേനാവിഭാഗമാണ്. വിന്യസിച്ചിടത്തെല്ലാം അസാധാരണമായ വീര്യവും ധീരതയും പ്രകടിപ്പിച്ച ഈ റെജിമെൻ്റ് ഇന്ത്യൻ സേനയുടെ തന്നെ അഭിമാന സ്തംഭമാണ്. ‘വീർ ഭോഗയ വസുന്ദരഃ’, എന്ന മുദ്രാവാക്യവും ‘രാജാറാം ചന്ദ്ര കീ ജയ്! എന്ന പോർവിളിയുമായി രജ്പുത്താന റൈഫിൾസിലെ ധീരന്മാർ പാഞ്ഞടുക്കുമ്പോൾ മുട്ട് വിറക്കാത്തതായി ലോകത്ത് ഒരു ശത്രു സൈന്യവും ഉണ്ടാവുകയില്ല
1999-ലെ കാർഗിൽ യുദ്ധസമയത്ത്, രജപുത്താന റൈഫിൾസിൻ്റെ ഏഴാമത്തെയും പതിനൊന്നാമത്തെയും ബറ്റാലിയനുകളുടെ ധീരമായ പ്രവർത്തനമാണ് ടോളോലിംഗ്, ഹനീഫുദ്ദീൻ സെക്ടർ എന്നിവ പിടിച്ചെടുക്കുന്നതിലേക്ക് ഇന്ത്യൻ സേനയെ നയിച്ചത്.10 അർജുന അവാർഡുകൾ നേടിയ അപൂർവതയും രാജ്പുത്താന റൈഫിൾസിന് സ്വന്തം. സുബേദാർ നീരജ് ചോപ്രയും സുബേദാർ ദീപക് പുനിയയും ഒളിമ്പിക്‌സിലും ഏഷ്യൻ ഗെയിംസിലും രാജ്പുത്താന റൈഫിൾസിന്റെ ഭാഗമായി രാജ്യത്തിന് പുരസ്‌കാരങ്ങളും കൊണ്ടുവന്നിട്ടുണ്ട്.
Discussion about this post