എറണാകുളം: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഹൈക്കോടതിയിൽ അവതരിപ്പിച്ച ‘ വൺ നേഷൻ വൺ വിഷൻ വൺ ഇന്ത്യ ‘ എന്ന നാടകത്തിനെതിരെ പരാതി. നാടകം രാജ്യത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അവഹേളിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. സംഭവത്തിൽ രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
ലീഗൽ സെല്ലും, ഭാരതീയ അഭിഭാഷക പരിഷത്തുമാണ് പരാതി നൽകിയത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, കേന്ദ്ര നിയമ മന്ത്രി എന്നിവർക്കാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ അസി. രജിസ്ട്രാർ ടി.എ സുധീഷ്, കോർട്ട് കീപ്പർ പി.എം സുധീഷ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റേതാണ് നടപടി. സംഭവത്തിൽ അന്വേഷണം നടത്താൻ വിജിലൻസ് രജിസ്ട്രാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
ഹൈക്കോടതി ജീവനക്കാരും അഡ്വ. ജനറൽ ഓഫീസിലെ ജീവനക്കാരും ക്ലാർക്കുമാരും ചേർന്നാണ് ഒൻപത് മിനിറ്റോളം ദൈർഘ്യമുള്ള നാടകം അവതരിപ്പിച്ചത്. ഇതിൽ പ്രധാനമന്ത്രിയുടെ വാക്കുകളെയും പ്രയോഗ രീതിയെയും അവഹേളിക്കുന്നുണ്ട്. ഇതിന് പുറമേ കേന്ദ്രപദ്ധതികളെ അധിക്ഷേപിക്കുന്ന രംഗങ്ങളും നാടകത്തിൽ ഉണ്ട്. ഇതോടെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ അഭിഭാഷക പരിഷതും ലീഗൽ സെല്ലും രംഗത്ത് വരികയായിരുന്നു.
പരാതി നൽകിയതിന് പിന്നാലെ സംഭവം ചില ദേശീയ മാദ്ധ്യമങ്ങളിലും വാർത്തയായി. നാനാഭാഗങ്ങളിൽ നിന്നും വിമർശനം ഉയരാൻ ആരംഭിച്ചതോടെ ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയായിരുന്നു.
Discussion about this post